ബീജിംഗ്; ഇന്ത്യൻ കായിക താരങ്ങളെ നിരന്തരമായി മാനസിക സമ്മർദ്ദത്തിൽ അടിപ്പെടുത്താൽ ഇപ്പോഴത്തെ ഏഷ്യൻ ഗെയിംസ് സംഘാടകരായ ചൈന ശ്രമിക്കുകയാണെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡണ്ട് അഞ്ജു ബോബി ജോർജ്. അളവ് നോക്കാൻ മറന്നുപോയി എന്ന് പറഞ്ഞ് ഒളിമ്പ്യൻ നീരജ് ചോപ്രയെകൊണ്ട് രണ്ടാമതും ജാവലിൻ എറിയിപ്പിച്ച സംഭവത്തിലാണ് അഞ്ജു ബോബി ജോർജിൻറെ പ്രതികരണം.
‘ഇന്ത്യൻ കായിക താരങ്ങളോട് ചൈനക്കാർ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയില്ല. ഇവർ നമ്മളെ ചതിക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ കായിക താരങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണ്’, അഞ്ജു ബോബി ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വളരെ ദേഷ്യത്തോടെയാണ് അഞ്ജുബോബി ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
നിരജിൻറെ ആദ്യ ത്രോ വളരെ മികച്ചതായിരുന്നു. പക്ഷെ സംഘാടകർ അത് അളന്നുനോക്കാൻ തയ്യാറായില്ല. ഇതേ കാര്യം സ്ത്രീകളുടെ ജാവലിൻ ത്രോയിൽ അന്നുറാണിക്കും സംഭവിച്ചു. അന്നുറാണി രണ്ടാമത് എറിഞ്ഞു സ്വർണ്ണം നേടുകയും ചെയ്തു. നമ്മളുടെ കായിക താരങ്ങളെ മാനസികമായി തകർക്കാനാണ് ചൈനീസ് അധികൃതർ ശ്രമിക്കുന്നതെന്നും അഞ്ജു ബോബി ജോർജ് ആരോപിച്ചു.
പുരുഷൻമാരുടെ ജാവലിൻ ത്രോ മത്സരത്തിനിടെയാണ് സംഭവം നടന്നത്. നീരജ് ചോപ്ര ജാവലിൻ എറിഞ്ഞെങ്കിലും സംഘാടകർ അദ്ദേഹത്തിനോട് രണ്ടാമതും എറിയാൻ ആവശ്യപ്പെടുകയായിരുന്നു. 85 മീറ്ററിലധികം പോയെന്ന് വ്യക്തമായിരുന്ന ജാവലിൻ ദൂരം അളന്നുനോക്കാൻ മറുന്നുപോയി എന്ന ന്യായമാണ് സംഘാടകർ ഉന്നയിച്ചത്. ആദ്യം പ്രതിഷേധിച്ചെങ്കിലും പിന്നീട് നീരജ് ചോപ്ര വീണ്ടും എറിയാൻ തയ്യാറാവുകയായിരുന്നു.
ഞാൻ ആദ്യം പ്രതിഷേധിച്ചു. പക്ഷെ മറ്റ് കായികതാരങ്ങൾ എൻറെ അവസരം പൂർത്തിയാക്കുന്നതിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് പിൻമാറി വീണ്ടും എറിയാൻ സമ്മതിക്കുകയായിരുന്നു. ഇത് ആദ്യമായല്ല ഈ ഏഷ്യൻ ഗെയിംസിൽ ഇങ്ങനെ സംഭവിക്കുന്നത്. ജ്യോതിക്കും ജനയ്ക്കും എനിക്കും ഇതേ അനുഭവം ഉണ്ടായി. ഇത്തരത്തിലുള്ള വലിയ ടൂർണമെൻറുകളിൽ ഇത്തരം സംഭവങ്ങൾ കണ്ടിട്ടേയില്ല. ഇങ്ങനെ സംഭവിച്ചാൽ കായിക താരങ്ങൾ മാനസികമായി തളർന്നുപോകും.ജ്യോതിയെപോലും ഇത് ബാധിച്ചു, നീരജ് കൂട്ടിച്ചേർത്തു.
90 മീറ്ററിൽ കൂടുതൽ എറിയാനാവുമെന്ന് കരുതിയ നീരജിന് 88.88 മീറ്റർ മാത്രമാണ് എറിയാൻ കഴിഞ്ഞത്.എന്നാലും ഏഷ്യൻ ഗെയിംസ് ജാവലിൽ ത്രോയിൽ നീരജ് ചോപ്രതന്നെയാണ് സ്വർണ്ണം നേടിയത്. കിഷോർ കുമാർ ജിന 87. 54 മീറ്റർ എറിഞ്ഞ് വെള്ളിമെഡലും നേടി.നീരജിന്റെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡലാണ് ഇത്.
ആദ്യ ശ്രമത്തിൽ തന്നെ 82.38 മീറ്ററാണ് നീരജ് ചോപ്ര ജാവലിൻ എറിഞ്ഞത്. തുടർന്ന് രണ്ടാം ശ്രമത്തിൽ 84.49 മീറ്റർ ദൂരം പിന്നിട്ടു. പിന്നീടുള്ള ശ്രമത്തെയാണ് സാങ്കേതിക തകരാർ എന്ന കാരണത്താൽ സംഘാടകർ റദ്ദാക്കിയത്. ഇതിന് ശേഷം ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ നീരജ് ചോപ്ര 88.88 മീറ്റർ എറിഞ്ഞ് സ്വർണം സ്വന്തമാക്കി. ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ ജിന കിഷോർ ആദ്യ ശ്രമത്തിൽ തന്നെ 81.26 മീറ്റർ ജാവലിൻ എറിഞ്ഞു. രണ്ടാമത്തേതിൽ 79.76 മീറ്റർ എറിഞ്ഞു. മൂന്നാം ശ്രമത്തിൽ 86.77 മീറ്റർ എറിഞ്ഞ് ജിന വെള്ളി മെഡലും സ്വന്തമാക്കി.
Discussion about this post