ഇന്ന് കേരളത്തിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ട്രെയിൻ സർവ്വീസാണ് വന്ദേഭാരതിലേത്. കുറഞ്ഞ സമയത്തിനുള്ളിൽ രാജകീയമായി തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നുവെന്ന സവിശേഷതയാണ് ജനങ്ങളെ വന്ദേഭാരത് എക്‌സ്പ്രസിലേക്ക് അടുപ്പിച്ചത്. വിഷുസമ്മാനമായി മലയാളികൾക്ക് ലഭിച്ച വന്ദേഭാരത് ഇരുകയ്യും നീട്ടി സ്വീകരിച്ച് സൂപ്പർഹിറ്റാക്കി. പിന്നാലെ വന്നു അടുത്ത വന്ദേഭാരത്.
സമയലാഭം മാത്രമല്ല വന്ദേഭാരതിനെ ജനപ്രിയമാക്കുന്ന ഘടകം. ട്രെയിനുള്ളിലെ അത്യാധുനികസൗകര്യങ്ങളും റെയിൽവേ ജീവനക്കാരുടെ മാതൃകാപരമായ ഇടപെടലുകളും വന്ദേഭാരതിനെ സൂപ്പർഹിറ്റാക്കുന്ന എടുത്തു പറയേണ്ട സവിശേഷതയാണ്. കേരളത്തിലോടുന്ന വന്ദേഭാരതിൽ ഒരിക്കലെങ്കിലും കയറിയവർ നല്ല എക്‌സിക്യൂട്ടീവ് ലുക്കിലെത്തുന്ന ടിടിഇകളെ ശ്രദ്ധിച്ചിട്ടുണ്ടാവും. ഈ കൂട്ടത്തിൽ ഉത്സാഹത്തോടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന വനിതാ ടിടിഇകളെ ശ്രദ്ധിച്ചിട്ടുണ്ടോ? വന്ദേഭാരതിന്റെ ചിരിക്കുന്ന മുഖം എന്നാണ് യാത്രക്കാർ ഇവരെ വിശേഷിപ്പിക്കുന്നത് തന്നെ. എന്ത് വലിയ പ്രതിസന്ധി നേരിട്ടാലും കൂളായി കൈകാര്യം ചെയ്യുന്ന സൂപ്പർ താരങ്ങളാണിവർ.
തിരുവനന്തപുരം സ്വദേശികളായ ഡയാന ക്ലിന്റണും ഷിജിന രാജനുമാണ് ഇവർ.ഇരുവരുടെയും വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വന്ദേഭാരതിലെ ഡെപ്യൂട്ടി ടിടിഇമാരായ ഇവരുടെ യൂണിഫോമും ഒരുക്കങ്ങളും കണ്ടാൽ കൊച്ചിയിൽ ഇറങ്ങാനുള്ള ഏതോ എയർഹോസ്റ്റസുമാരാണന്നേ തോന്നൂ. പക്ഷേ ഇന്ത്യയുടെ അഭിമാന കായികതാരങ്ങളായ ഇവർ 15 വർഷമായി റെയിൽവേയിൽ ജോലി ചെയ്യുന്നു.
400 മീറ്റർ റിലേയിൽ നാഷണൽ സ്‌കൂൾ മെഡലിസ്റ്റായ ഡയാനയുടെ അമ്മയെയും അച്ഛനെയും നാട് അറിയും. 1996 ലെ അർജ്ജുന അവാർഡ് വാങ്ങിയ പത്മിനി തോമസാണ് ഡയാനയുടെ മാതാവ്. അച്ഛൻ അത്‌ലറ്റായിരുന്ന ജോൺ.
മറ്റ് സർവ്വീസുകളെ പോലെയല്ല, യാത്രക്കാർക്ക് ട്രെയിനിനോടും റെയിൽവേ ജീവനക്കാരോടും പ്രത്യേക അടുപ്പമാണ് ഉള്ളത്. ഒരു കുടുംബം പോലെയാണ് പലരും യാത്ര ചെയ്യുന്നത്. യൂണിഫോം കണ്ട് തന്നെ എയർഹോസ്റ്റസിനെപ്പോലെയുണ്ടല്ലോ എന്ന് പറഞ്ഞ് അഭിന്ദിക്കാറുണ്ടെന്ന് ഡയാന പറയുന്നു.
സാധാരണക്കാർ,മന്ത്രിമാർ,സെലിബ്രറ്റികൾ എന്നുവേണ്ട നാനാതുറയിലുള്ള ആളുകൾ ഉപയോഗിച്ച് വരുന്ന പൊതുഗതാഗത സംവിധാനമാണ് ഇന്ന് വന്ദേഭാരത്. നമ്മുടെ നാട്ടിലും പുറംനാട്ടിലേതു പോലുള്ള യാത്രാ സൗകര്യം എത്തിയെന്ന അഭിപ്രായം യാത്രക്കാർ പറയുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് ഷിജിന രാജൻ പറയുന്നു. എവറസ്റ്റും കീഴടക്കിയ അഭിമാനത്തോടെയാണ് ഷിജിന തന്റെ ജോലിയിൽ മുഴുകിയിരിക്കുന്നത്.
എവറസ്റ്റ് ബേസ്‌ക്യംപിലേക്കു യാത്ര ചെയ്ത ആദ്യത്തെ റെയിൽവേ ജീവനക്കാരിയാണ് വോളിവോൾ താരമായ ഷിജിന. യാത്രയെ അത്രയേറെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് ദിവസവും യാത്ര ചെയ്യാനാകുന്നതിന്റെ സന്തോഷവും പറഞ്ഞറിയിക്കാൻ വയ്യ.
ഇത്രയേറെ സന്തോഷം നൽകുന്നുണ്ടെങ്കിലും സാമൂഹ്യദ്രോഹികൾ ട്രെയിനിന് നേരെ കല്ലെറിയുന്നത് ഇവർക്ക് സഹിക്കാനാവുന്നില്ല. എന്താ കാരണം പറഞ്ഞാലും ഈ ക്രൂരത അംഗീകരിക്കാനാവില്ലെന്നാണ് ഇരുവരുടെയും നിലപാട്. കൂടാതെ വന്ദേഭാരതിനെ ചുറ്റിപ്പറ്റി ഇറങ്ങുന്ന വ്യാജ വാർത്തകളെയും കൈകാര്യം ചെയ്യുന്നത് ആലോചിച്ച് വേണമെന്നും മുന്നറിയിപ്പ് നൽകുകയാണ് ഇവർ. വന്ദേഭാരതിൽ ടിക്കറ്റ് ഇല്ലാതെ കയറാം, ഇവിടെ സീറ്റ് ധാരാളം ഒഴിവ് ഉണ്ട്, കയറി കാശ് കൊടുത്തു യാത്ര ചെയ്യാം. എന്ന രീതിയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. വന്ദേഭാരതിൽ തിരക്കൊഴിഞ്ഞ സമയമില്ലെന്നും ടിക്കറ്റ് ഇല്ലാതെ കയറിയാൽ തൊട്ടടുത്ത സ്റ്റേഷനിൽ ഇറക്കിവിടുമെന്നും ഇവർ പറയുന്നു. ഇറക്കിവിട്ടാലും യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള യാത്രയുടെ നിരക്കാണ് പിഴയായി ചുമത്തുക.
വന്ദേഭാരതിൽ കറന്റ് റിസർവേഷൻ ലഭ്യമാണ്. തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് ഈ നാല് സ്റ്റേഷനിലും ട്രെയിൻ എത്തുന്നതിന് 5 മിനിറ്റ് മുൻപ് കറന്റ് റിസർവേഷനുള്ള സംവിധാനം ലഭ്യമാണെന്ന് ഇരുവരും ചൂണ്ടിക്കാണിക്കുന്നു. എന്തായാലും വന്ദേഭാരതിലെ ഈ പെൺപുലികളെ വളരെ സ്‌നേഹത്തോടെയാണ് എല്ലാവും സ്വീകരിക്കുന്നത്.
Discussion about this post