എറണാകുളം: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് ചോദ്യം ചെയ്ത കോടതി ഉപകരണങ്ങൾ ഉടൻ വിട്ട് നൽകാനും ഉത്തരവിട്ടു. പോലീസിന്റെ വാദങ്ങൾ പൂർണമായി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി.
കമ്പ്യൂട്ടറുകൾ മോണിറ്ററുകൾ എന്നിവയാണ് ചാനലിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ചാനലിന് നൽകണം എന്ന് കോടതി നിർദ്ദേശിച്ചു. പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എന്തിനാണ് ചാനലിന്റെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ?. മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസുകൾ തെളിയിക്കേണ്ടത്. പിടിച്ചെടുത്ത മുഴുവൻ ഉപകരണങ്ങളും ചാനലിന് തന്നെ തിരികെ നൽകണം എന്നും കോടതി വ്യക്തമാക്കി. അതേസമയം വിവരങ്ങൾ കോപ്പി ചെയ്യാൻ സാവകാശം അനുവദിക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
പി വി ശ്രീനിജൻറെ പരാതിയിൽ എടുത്ത കേസിലാണ് ചാനലിൻറെ ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്‌ടോപ് എന്നിവയാണ് പോലീസിന്റെ പക്കലുള്ളത്. പരാതിയിൽ മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്‌കറിയക്കെതിരെ അടക്കം എസ് സി എസ് ടി പീഡന നിരോധന നിയമപ്രകാരം പോലീസ് കേസ് എടുത്തിരുന്നു.
Discussion about this post