ലക്‌നൗ : ജ്ഞാൻവ്യാപിയിൽ ശാസ്ത്രീയ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വാരണാസി കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു. പുരാവസ്തു വകുപ്പ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ വിധി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സർവേയുടെ കാലാവധി നാലാഴ്ച കൂടി നീട്ടണമെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അപ്പീൽ ജില്ലാ ജഡ്ജി എകെ വിശ്വേഷ് അംഗീകരിച്ചു. സർവേയുടെ കാലാവധി ഇനി കൂടുതൽ നീട്ടി തരില്ലെന്നും ജഡ്ജി വ്യക്തമാക്കി.
മുൻ വിധിയനുസരിച്ച് ഒക്ടോബർ 6നായിരുന്നു സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. തുടർന്നാണ് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയെ സമീപിച്ചിരുന്നത്. പുതിയ വിധിപ്രകാരം നവംബർ ആറിന് സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതാണ്.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ജ്ഞാൻവ്യാപിയിൽ
പതിനേഴാം നൂറ്റാണ്ടിൽ മുസ്ലീം പള്ളി നിർമ്മിച്ചത് ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ എന്ന് നിർണ്ണയിക്കാനാണ് പള്ളിയിലും പരിസരത്തുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രീയ സർവേ നടത്തുന്നുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആദ്യമാണ് ജ്ഞാൻവ്യാപിയിൽ ശാസ്ത്രീയ സർവേ ആരംഭിച്ചത്. പുരാവസ്തു വകുപ്പിലെ 41 ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് സർവ്വേ നടത്തുന്നത്. നാല് ഹർജിക്കാരുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സർവ്വേ നടത്തുന്നത്.
Discussion about this post