എറണാകുളം: തുടർച്ചയായ ഇറക്കത്തിന് പിന്നാലെ തിരികെ കയറി സ്വർണവില. പവന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ 41,000 ത്തിലേക്ക് ഇറങ്ങിയ സ്വർണ വില വീണ്ടും 42,000 ആയി ഉയർന്നു.
ഗ്രാമിന് 10 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5250 രൂപയായി. ഇന്നലെ ഗ്രാമിന് 5240 രൂപയായിരുന്നു വില. 160 രൂപ കുറഞ്ഞതോടെയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില ഒരിടവേളയ്ക്ക് ശേഷം 41,000 ആയത്. 41,920 രൂപയായിരുന്നു ഇന്നലത്തെ വില. നീണ്ട കാലത്തിന് ശേഷമാണ് സ്വർണ വില ഈ രീതിയിൽ താഴുന്നത്. ഈ വർഷത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
കഴിഞ്ഞ മാസം 20 മുതലാണ് സ്വർണവില തുടർച്ചയായി കുറയാൻ ആരംഭിച്ചത്. 44,160 രൂപയായിരുന്നു സംസ്ഥാനത്ത് സ്വർണവില. ഇതിന് ശേഷം തുടർച്ചയായി വില കുറയുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം രണ്ടായിരം രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതിന് ശേഷം ആദ്യമായിട്ടാണ് ഇന്ന് വില കൂടുന്നത്.
അതേസമയം തുടർച്ചയായി വില കുറയുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വസമായിരിക്കുകയാണ്. വില താഴുന്ന സാഹചര്യത്തിൽ നിരവധി പേരാണ് സ്വർണം വാങ്ങാൻ ജ്വല്ലറികളിൽ എത്തുന്നത്. വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. എന്നാൽ തുടർച്ചയായി വില കുറയുന്നത് സ്വർണ വ്യാപാരികൾക്ക് ആശങ്കയും ഉളവാക്കുന്നുണ്ട്.
Discussion about this post