ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ഇന്ത്യയാണ് ഈ വർഷത്തെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ കളി കാണാനുള്ള ത്രില്ലിലാണ് ഇന്ത്യൻ ജനത. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത് ആദ്യ മത്സരത്തിനു മുൻപ് പരിശീലനം നടത്തുന്ന സമയത്ത് ടീം ഇന്ത്യ അണിഞ്ഞ ജേഴ്സി ആണ്. കാവി നിറത്തിലുള്ള ഈ ജേഴ്സി ഇപ്പോൾ വലിയ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്.
ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് കാവി നിറത്തിലുള്ള ജഴ്‌സിയിൽ ഇന്ത്യൻ ടീമിലെ ക്രിക്കറ്റ് താരങ്ങളെ കണ്ടതോടെ ഈ വർഷത്തെ ഇന്ത്യയുടെ ജേഴ്സിയുടെ നിറം മാറി എന്ന് തന്നെ പലരും കരുതി. മുൻപ് ഇന്ത്യൻ ഹോക്കി ടീം ആയിരുന്നു കാവി ജേഴ്സിയുമായി കളിക്കളത്തിൽ ഇറങ്ങിയിരുന്നത്. ക്രിക്കറ്റ് താരങ്ങളെ എപ്പോഴും നീല ജേഴ്സിയിൽ ആയിരുന്നു കാണപ്പെട്ടിരുന്നത്.
ഒക്‌ടോബർ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ചെന്നൈയിലാണ് ഈ മത്സരം നടക്കുന്നത്. അതിനാൽ ഇന്ത്യൻ ടീം ഇപ്പോൾ ചെന്നൈയിൽ പ്രാക്ടീസ് ചെയ്യുകയാണ്. പരിശീലനത്തിനായി ഇന്ത്യൻ ടീമിന് നൽകിയിരിക്കുന്ന ജേഴ്സി ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കാവി ജേഴ്സി. ഇതൊരു പരിശീലന ജേഴ്സി മാത്രമാണ്. മത്സരങ്ങൾക്ക് ടീം ഇന്ത്യ നീല നിറത്തിലുള്ള ജേഴ്സിയിൽ തന്നെയായിരിക്കും കളിക്കളത്തിൽ ഇറങ്ങുന്നത്.
Discussion about this post