തിരുവനന്തപുരം : ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ സൂപ്പർതാരത്തെ കേരളത്തിലെ മാളിൽ വച്ച് കണ്ടതിന്റെ അമ്പരപ്പ് ആരാധകർക്ക് ഇപ്പോഴും വിട്ടു മാറിയിട്ടില്ല. കണ്ടവരെല്ലാം തന്നെ ചുറ്റും കൂടി സെൽഫി എടുക്കാൻ തുടങ്ങിയതോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ മാളിലെ സുരക്ഷാ ജീവനക്കാരും പാടുപെട്ടു.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ബൗളിംഗ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്നെ ആണ് ആരാധകർ തിരുവനന്തപുരത്തെ ലുലുമാളിൽ വച്ച് കണ്ടെത്തിയത്.
ഐസിസി ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലാണ് ഇപ്പോൾ മുൻ ദക്ഷിണാഫ്രിക്കൻ താരമുള്ളത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായാണ് ഡെയ്ൽ സ്റ്റെയ്ൻ കണക്കാക്കപ്പെടുന്നത്. നിലവിൽ കേരളത്തിലുള്ള സ്റ്റെയ്ൻ തിരുവനന്തപുരം ലുലു മാളിലെ സബ് വേ ഔട്ട്ലെറ്റിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആരാധകർ താരത്തെ തിരിച്ചറിഞ്ഞത്. വലിയ ആൾക്കൂട്ടം തന്നെ ചുറ്റും കൂടിയപ്പോൾ അവരെ നിയന്ത്രിക്കാനായി മാളിലെ സുരക്ഷാ ജീവനക്കാരും ബുദ്ധിമുട്ടി.
കേരളത്തിലെ ആരാധകരോടൊപ്പം സെൽഫി എടുത്തതിനുശേഷമാണ് സ്റ്റെയ്ൻ പുറത്തിറങ്ങിയത്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചുവെങ്കിലും ഇന്നും ക്രിക്കറ്റ് ആരാധകരുടെ ഉള്ളിൽ ‘തിരനിറച്ച തോക്ക്’ ആയാണ് സ്റ്റെയ്ൻ അറിയപ്പെടുന്നത്. നിലവിലെ ലോകകപ്പിന്റെ കമന്ററി പാനലിലെ അംഗമാണ് ഡെയ്ൽ സ്റ്റെയ്ൻ. തിരുവനന്തപുരത്തെ മനോഹരമായ ബീച്ചുകളും തെരുവുകളും ചുറ്റി കാണുന്നതിന്റെ ഒരു വീഡിയോ അദ്ദേഹം അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നത് ശ്രദ്ധേയമായിരുന്നു.
Discussion about this post