ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വധഭീഷണിയുമായി അജ്ഞാതർ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം തകർക്കുമെന്നും പ്രധാനമന്ത്രിയെ വധിക്കുമെന്നുമാണ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.
ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയെ വിട്ടയക്കണമെന്നും 500 കോടി നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണിയെത്തിയത്. കേന്ദ്ര ഏജൻസിക്കാണ് സന്ദേശം ലഭിച്ചത്.
ദേശീയ അന്വേഷണ ഏജൻസി മുംബൈ പോലീസ്, ഗുജറാത്ത് പൊലീസ് പ്രധാനമന്ത്രിയുടെ സുരക്ഷാ സമിതി എന്നിവർക്ക് ജാഗ്രതാ നിർദേശം നൽകി. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചു. വാങ്കഡെയിലെ സ്റ്റേഡിയത്തിൽ അഞ്ച് ലോകകപ്പ് മാച്ച് നടക്കുന്നതിനാൽ മുംബൈ പോലീസ് സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
”ലോറൻസ് ബിഷ്‌ണോയിയെ മോചിപ്പിക്കുകയും 500 കോടി രൂപ നൽകുകയും ചെയ്തില്ലെങ്കിൽ നരേന്ദ്ര മോദിയേയും നരേന്ദ്ര മോദി സ്റ്റേഡിയവും ഞങ്ങൾ തകർക്കും. എല്ലാം ഹിന്ദുസ്ഥാനിലാണ് വിൽക്കുന്നത്. അതിനാൽ ഞങ്ങൾക്കും ചിലതൊക്കെ വാങ്ങണം. നിങ്ങൾ എത്ര മുൻകരുതൽ എടുത്താലും ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. നിങ്ങൾക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ മെയിലിൽ പറഞ്ഞതുപോലെ ചെയ്യുക” എന്നാണ് ഇ മെയിൽ സന്ദേശം.
2014 മുതൽ ജയിലിൽ കഴിയുകയാണ് ലോറൻസ് ബിഷ്‌ണോയി. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയതിലുൾപ്പെടെ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post