ടെൽ അവീവ് : ഗാസയിലേക്കുള്ള എല്ലാ വൈദ്യുതി വിതരണവും ഇസ്രായേൽ വിച്ഛേദിച്ചു. ഇസ്രായേലി ഊർജ മന്ത്രിയായ ഇസ്രായേൽ കാറ്റ്‌സ് ആണ് വൈദ്യുതിവിതരണം നടത്തുന്ന കമ്പനിയോട് എല്ലാ വിതരണവും വിച്ഛേദിക്കാൻ ഉത്തരവിട്ടത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഗാസയിലേക്കുള്ള വൈദ്യുതി വിതരണം നിർത്താനായി അറിയിക്കുന്നതെന്ന് ഊർജ്ജമന്ത്രിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഗാസയിലെ ആശുപത്രികൾ അടക്കമുള്ള എല്ലാ സേവനങ്ങൾക്കും കനത്ത തിരിച്ചടിയായിരിക്കും വൈദ്യുതി വിച്ഛേദനത്തിലൂടെ ഉണ്ടാകുന്നത്. രൂക്ഷമായ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ഇസ്രായേലിന്റെ നടപടികൾ നൽകുന്നത്. അതിനിടെ ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചടിയായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ ഇരുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post