നമ്മുടെ നാട്ടിൽ പറമ്പിലും കൃഷിയിടങ്ങളിലും അധിവേഗം വ്യാപിച്ച് ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് അധനിവേശ സസ്യങ്ങൾ. ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥാ മേഖലകൾക്കും ഉള്ള അഞ്ച് പ്രധാന ഭീഷണികളാണ് ആഗോളതലത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവയിൽ ഒന്നാണ് അധിനിവേശ ജീവിവർഗങ്ങളുടെ വ്യാപനം. ഇന്റർ ഗവൺമെന്റൽ പ്ലാറ്റ്‌ഫോം ഓൺ ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസ് (ഐപിബിഇഎസ്) ആണ് അധിനിവേശ ജീവികളുടെ ആഘാതത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് അസം വഴി കേരളത്തിലെത്തിയ അമേരിക്കൻ സസ്യമാണ് ക്രോമോലിന ഒഡോറാറ്റ എന്ന കമ്യൂണിസ്റ്റ് പച്ച. കേരളത്തിലെ ആദ്യ അധിനിവേശസസ്യങ്ങളിലൊന്നും ഏറ്റവും അപകടകരമായതും. ഇതും ലോകത്ത് ഏറ്റവും വേഗത്തിൽ പടരുന്ന 100 അധിനിവേശസസ്യങ്ങളിലൊന്നാണ്. വളരെ വ്യത്യസ്തസാഹചര്യങ്ങളിൽ വ്യാപകമായി വളർന്ന് മറ്റു സസ്യജാലങ്ങൾക്ക് ഭീഷണിയാകുന്നു. നശിപ്പിക്കാനും പ്രയാസമാണ്. 1957 ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ കാലയളവിനോടടുത്താണത്രേ ഈ ചെടിയും വ്യാപകമായി കേരളത്തില്‍ വ്യാപമായി വളര്‍ന്നുകണ്ടത് .
മാത്രവുമല്ല ആ കാലയളവിനു തൊട്ടു മുന്‍പ് നേതാക്കന്മാർക്ക് ഒളിവില്‍ താമസിക്കേണ്ടിവന്നപ്പോള്‍ യാദൃശ്ചികമായി ശരീരത്തിനേറ്റ മുറിവുകളില്‍നിന്നും രക്ഷപ്പെട്ടത് ഈ ചെടിയുടെ തളിരിലകള്‍ ഞെരടിപ്പിഴിഞ്ഞെടുത്ത നീര് പുരട്ടിയിട്ടാണത്രേ. ഇതാണ് ഈ ചെടി കമ്യൂണിസ്റ്റ് പച്ച എന്ന പേരിൽ അറിയപ്പെടാൻ കാരമം.
കോൺഗ്രസ് പച്ച
കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വ്യാപിച്ചിരിക്കുന്ന മധ്യമതോതിൽ അപകടമുണ്ടാക്കുന്ന അധിനിവേശ സസ്യമാണ് പാർത്തീനിയം അഥവാ കോൺഗ്രസ് പച്ച.. 1950-കളിലാണ് വടക്ക്, തെക്ക് അമേരിക്കയിൽനിന്നെത്തിയ ഇത് ശ്രദ്ധിക്കപ്പെടുന്നത്. ധാന്യങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ ഇതിന്റെ വിത്ത് കലർപ്പായി എത്തിയതാണെന്ന് കരുതപ്പെടുന്നു. മനുഷ്യനിലും മൃഗങ്ങളിലും അലർജിക്കും ശ്വാസകോശ രോഗങ്ങൾക്കും ഈ ചെടി കാരണമാകുന്നു.
പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ് പാർത്തീനിയം. ആസ്റ്റർ വിഭാഗത്തിൽപ്പെടുന്ന ഈ ചെടി അലർജിക്ക് കാരണമാവാറുണ്ട്. ഇതിന്റെ സാമീപ്യം പലരുടേയും ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കും. ഒരു ചെടിയിൽ നിന്ന് 10000 മുതൽ 20000 വരെ വിത്തുകൾ ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ വളരെ വേഗം ഇവ പടർന്ന് വളരുകയും ചെയ്യും. വെള്ളത്തൊപ്പിവെച്ചപോലുള്ള ഇതിന്റെ പൂക്കള്‍ കാരണമാവാം ഈ അധിനിവേശ വിഭാഗത്തില്‍പ്പെടുന്ന ഈ ചെടിയ്ക്ക് കോണ്‍ഗ്രസ്സ് പച്ച എന്ന് പേരിട്ടത്. അല്ലെങ്കില്‍ കമ്യുണിസ്റ്റ് പച്ച എന്നതിന് ബദലായി കോണ്‍ഗ്രസ്സ് പച്ച എന്ന് ആരെങ്കിലും നാമകരണം ചെയ്തതുമാകാം .
മഞ്ഞക്കൊന്ന
1980കളിലാണ് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം പണംമുടക്കി കാടുകളിൽ മഞ്ഞക്കൊന്നത്തൈകൾ നട്ടുപിടിപ്പിച്ചത്. വനത്തിന്റെ സൗന്ദര്യവത്കരണമടക്കം ലക്ഷ്യമിട്ടായിരുന്നു വിദേശിയായ മഞ്ഞക്കൊന്നയെ ഇവിടെയെത്തിച്ചത്. പക്ഷേ, ഇത് വലിയ പിഴവായിരുന്നുവെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കിയപ്പോഴേക്കും മഞ്ഞക്കൊന്ന കാട്ടിനുള്ളിൽ പടർന്നിരുന്നു.സംസ്ഥാനത്ത് മഞ്ഞക്കൊന്നമൂലം ഹെക്ടർകണക്കിന് വനം നശിച്ചെന്നാണ് റിപ്പോർട്ടുകൾ.
ആനത്തൊട്ടാവാടി
ലോകത്ത് ഏറ്റവും വേഗത്തിൽ പടരുന്ന 100 അധിനിവേശസസ്യങ്ങളിലൊന്ന്. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽനിന്ന് വന്ന ആനത്തൊട്ടാവാടി കേരളത്തിൽ വ്യാപകമാണ്. കുറ്റിച്ചെടിയായ ഇത് വളർന്ന് വ്യാപിച്ച് മറ്റുസസ്യങ്ങളെ മൂടി അവയുടെ വളർച്ച തടസ്സപ്പെടുത്തുന്നു. സസ്യഭാഗങ്ങളിലൊക്കെ വിഷ ആൽക്കലോയ്ഡുകളുണ്ട്. വളർത്തുമൃഗങ്ങൾ കഴിച്ചാൽ ഹൃദയത്തിലും കരളിലും വിഷബാധയുണ്ടാവും.
ഇവ മാത്രമല്ല, കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയുടെ പലഭാഗങ്ങളിലും വൈറസ് പോലെ പടർന്ന് പിടിച്ച മറ്റനേകം അധിനിവേശ സസ്യങ്ങൾ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.













Discussion about this post