ഹമാസ് ഭീകരർ എങ്ങനെയാണ് ഇസ്രായേലിലേക്ക് കടന്നു കയറി ഭീകരാക്രമണം നടത്തിയത് എന്നുള്ള വിശദമായ വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നു. ഹമാസിന്റെ അൽ-അഖ്സ ടിവി ചാനലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഈ ക്ലിപ്പുകൾ സംപ്രേക്ഷണം ചെയ്തത്. ശനിയാഴ്ച പുലർച്ചയാണ് ഹമാസ് ഭീകരർ അതിർത്തി കടന്ന് തെക്കൻ ഇസ്രായേൽ ആക്രമിച്ചത്. നിരവധി സാധാരണ ജനങ്ങളും സൈനികരും അടക്കം 600-ഓളം പേരെയാണ് ഹമാസ് ഭീകരർ കൊന്നൊടുക്കിയത്. പന്ത്രണ്ടോളം പേരെ ഗാസ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
അൽ-അഖ്സ ടിവി ചാനൽ സംപ്രേക്ഷണം ചെയ്ത ക്ലിപ്പുകൾ പ്രകാരം ഹമാസ് ഭീകരർ ആദ്യം ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തിയിലെ ഇസ്രായേൽ സൈനിക നിരീക്ഷണ ടവറുകളിലും ആയുധ കേന്ദ്രങ്ങളിലും ആക്രമണം നടത്തുകയായിരുന്നു. ഗാസ അതിർത്തിയിലെ ഇസ്രായേൽ പ്രതിരോധ സേനയുടെ ക്യാമ്പുകളിലേക്ക് ഡ്രോണുകളിൽ സ്‌ഫോടകവസ്തുക്കൾ വർഷിച്ചു. തുടർന്ന് പാരാഗ്ലൈഡറുകളിലൂടെ ഭീകരർ അതിർത്തിക്ക് മുകളിലൂടെ പറന്നു. തുടർന്ന് ഈ തീവ്രവാദ സംഘം തെക്കൻ, മധ്യ ഇസ്രായേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടു.
നിമിഷങ്ങൾക്കകം ഹമാസ് ഭീകരർ അതിർത്തി വേലിക്കരികിലെത്തി. വലിയ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഈ വേലികൾക്ക് മേൽ സ്ഫോടനം നടത്തി ഇസ്രായേലിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കി. തുടർന്ന് നൂറുകണക്കിന് ഭീകരർ ചേർന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി. ട്രക്കുകളിലും മോട്ടോർ സൈക്കിളുകളിലും ആയിരുന്നു ഭീകരർ കൂടുതലായി ഇസ്രായേലിലേക്ക് പ്രവേശിച്ചത്. സ്ഫോടനം നടത്തിയ അതിർത്തി വേലിയുടെ ഭാഗങ്ങൾ ദീർഘനേരം അത്തരത്തിൽ തുടർന്നത് കൂടുതൽ പേർക്ക് നുഴഞ്ഞു കടക്കാൻ അവസരമൊരുക്കി.
കടൽ മാർഗവും നിരവധി ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചു. പക്ഷേ നാവികസേന ഈ ആക്രമണം ചെറുക്കുകയും ഭീകരരെ വധിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 28 ന് ഗാസയിലേക്കുള്ള ഈറസ് അതിർത്തി ഇസ്രായേൽ വീണ്ടും തുറന്നത് ആണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്ന് വിലയിരുത്തുന്നു. ഈ അതിർത്തി മുൻപ് കനത്ത സുരക്ഷാ നിയന്ത്രണത്തിലായിരുന്നു. എന്നാൽ ഇസ്രായേലിൽ വർക്ക് പെർമിറ്റ് നേടിയ 17,000 ഗാസക്കാരെ അതിർത്തി കടക്കാൻ അനുവദിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഈ അതിർത്തി തുറന്നിരുന്നത്. ഈ തീരുമാനമാണ് ഇസ്രായേലിന് കനത്ത തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു.
Discussion about this post