ഓട്ടാവാ : ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കിയതിന് പിന്നാലെ ലോക രാഷ്ട്രങ്ങളോട് ഇടപെടല്‍ ആവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായ അടുത്ത് ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളെയാണ് ട്രൂഡോ സമീപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുവിനെ വിളിക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് യുഎഇുമായി കാനഡ ബന്ധപ്പെട്ടത്.
ഇന്ത്യ കാനഡ തര്‍ക്ക വിഷയം ഉന്നയിച്ചതിന് പുറമേ നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും യുഎഇ പ്രസിഡന്റിനോട് സംസാരിച്ചു. കൂടാതെ ഇസ്രായേലിലെ നിലവിലെ അവസ്ഥയെക്കുറിച്ചും ഇരു രാഷ്ട്ര നേതാക്കളും സംസാരിച്ചു. “ഇന്ന് ഫോണില്‍, ഹിസ് ഹൈനസ് മുഹമ്മദ് ബിന്‍ സായിദും ഞാനും ഇസ്രായേലിലെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. ഇസ്രായേലിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ചു, പൊതു ജനങ്ങളുടെ ജീവിതത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്നും ചര്‍ച്ച ചെയ്തു. ഇന്ത്യയെക്കുറിച്ചും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിന്റെയും ബഹുമാനിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു”, ജസ്റ്റിന്‍ ട്രൂഡോ എക്സില്‍ കുറിച്ചു.
ഞായറാഴ്ച, യുകെ പ്രധാനമന്ത്രി ഋഷി സുനക് ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ ഫോണ്‍ കോളിലും ഇന്ത്യ-കാനഡ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ തത്വങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും പരമാധികാരത്തെയും നിയമവാഴ്ചയെയും മാനിക്കണമെന്ന യുകെയുടെ നിലപാടും സുനക് ആവര്‍ത്തിച്ചു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുമായി ബന്ധപ്പെട്ട സാഹചര്യത്തെക്കുറിച്ച് ജസ്റ്റിന്‍ ട്രൂഡോ സുനകിനോട് വിശദീകരിച്ചു.
നിരോധിത ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവനായ നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരെ ബന്ധപ്പെടുത്തി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. എന്നാല്‍ കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളിയിരുന്നു.
Discussion about this post