തിരുവനന്തപുരം: ജില്ലയിൽ ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.
വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലികളിൽ നിന്നാണ് ഇവരിലേക്ക് രോഗം പടർന്നത് എന്നാണ് നിഗമനം. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
പനി, തലവേദന, ക്ഷീണം, നീര് തുടങ്ങിയവയാണ് ബ്രൂസെല്ലോസിസിന്റെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആദ്യം മകനാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിന് പിന്നാലെ അച്ഛനും ആശുപത്രിയിൽ എത്തുകയായിരുന്നു. ദിവസങ്ങളോളം പനി നീണ്ടുനിന്നതോടെ ബ്രൂസെല്ലോസിസ് ആണെന്ന സംശയം ഉയർന്നു. ഇതോടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ തുടരുന്നത്.
സംസ്ഥാനത്ത് ഇതിന് മുൻപും ബ്രൂസെല്ലോസിസ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൊല്ലത്തായിരുന്നു കഴിഞ്ഞ തവണ രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിൽ നിന്നും ബ്രൂസെല്ലോസിസ് മനുഷ്യരിലേക്ക് പടരുകയില്ല. എങ്കിലും രോഗം ബാധിച്ചാൽ പൂർണമായും ഭേദമാകാൻ ദിവസങ്ങളോളം വേണ്ടിവരും.











Discussion about this post