ജെറുസലേം: നാല് ദിവസങ്ങളായി തുടരുന്ന ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ മരണ സംഖ്യ രണ്ടായിരത്തിലേക്ക്. ഇതുവരെ 1600 ലധികം പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അതേസമയം ഹമാസിന്റെ ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേലിന്റെ റോക്കറ്റ് വർഷം തുടരുകയാണ്.
ജീവൻ നഷ്ടപ്പെട്ടവരിൽ 900 പേർ ഇസ്രായേലി പൗരന്മാരാണ്. ഗാസ നിവാസികളായ 700 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ഇസ്രായേൽ റോക്കറ്റ് വർഷിച്ചു. ഇന്നലെ രാത്രി മുഴുവൻ ഇസ്രായേൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് മരണ സംഖ്യ ഉയർന്നത്.
ഇന്നലെ വൈകീട്ടോടെ ഹമാസ് ഇസ്രായേലിലെ ജനവാസ മേഖലകൾ കേന്ദ്രീകരിച്ച് ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഗാസയിലെ ഭീകര കേന്ദ്രങ്ങൾ ഇസ്രായേൽ തകർത്തെറിഞ്ഞത്. വ്യോമാക്രമണങ്ങളുടെ വലിയ തരംഗം എന്നായിരുന്നു ഈ ആക്രമണത്തിന് ഇസ്രായേൽ പേര് നൽകിയിരുന്നത്.
അതേസമയം ഗാസയിലേക്ക് ഇസ്രായേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണമോ ഇന്ധനമോ ഇനി ഗാസയിലേക്ക് വിതരണം ചെയ്യില്ലെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. ഏറ്റുമുട്ടൽ ആരംഭിച്ചതിന് തൊട്ട് പിന്നാലെ ഇവിടേയ്ക്കുള്ള വൈദ്യുതി വിതരണം ഇസ്രായേൽ നിർത്തിവച്ചിരുന്നു.
Discussion about this post