ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആംആദ്മി എംഎൽഎ അമാനത്തുള്ള ഖാന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അമാനത്തുള്ള ഖാൻ ചെയർമാനായ ഡൽഹി വഖഫ് ബോർഡിൽ അനധികൃത നിയമനങ്ങളുമായി ബന്ധപെട്ടു കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് പരിശോധന നടത്തുന്നത് . റെയ്ഡ് നടക്കുന്ന ഖാന്റെ ഓഖ്‌ലയിലെ വസതിക്ക് മുൻപിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഇ ഡി പുറത്തുവിട്ടിട്ടില്ല. ആംആദ്മി നേതാവായ അമാനത്തുള്ള ഖാൻ നിലവിൽ ഓഖ്‌ല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാ അംഗമാണ്.
ഡൽഹിയിലെ വഖഫ് ബോർഡ് ചെയർമാൻ പദവി വഹിക്കുന്ന അമാനത്തുള്ള ഖാൻ, നിയമനങ്ങളിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സെപ്തംബറിൽ ആൻറി കറപ്ഷൻ ബ്യൂറോ ഖാനെ അറസ്റ്റ് ചെയ്തിരുന്നു.ഡൽഹി വഖഫ് ബോർഡിൽ ചട്ടങ്ങളും സർക്കാർ മാർഗനിർദേശങ്ങളും പാലിക്കാതെ 32 പേരെ നിയമവിരുദ്ധമായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ആംആദ്മി എംഎൽഎ അമാനത്തുള്ള ഖാന്റെ വസതിയിൽ ഇ ഡി റെയ്ഡ് നടത്തുന്നത്.
Discussion about this post