കൊല്ലം: സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടും കയ്യടിക്കാതിരുന്ന സദസ്സിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എല്ലാവരും ആട്ടുകല്ലിൽ കാറ്റുപിടിച്ച പോലെ ഇരിക്കുകയാണെന്ന് ശിവൻകുട്ടി പറഞ്ഞു. നല്ലത് ചെയ്താൽ കയ്യടി ചോദിച്ച് വാങ്ങേണ്ട അവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ശിവൻകുട്ടി.
എല്ലാവരും ആട്ടുകല്ലിൽ കാറ്റുപിടിച്ച പോലെയാണ് വേദിയിൽ ഇരിക്കുന്നത്. കാറ്റടിച്ചാൽ ആട്ടുകല്ല് അനങ്ങില്ലല്ലോ. എന്തൊക്കെ നല്ലകാര്യങ്ങൾ പറഞ്ഞിട്ടും വേദിയിൽ നിന്നും ഒരു പ്രതികരണവും ലഭിക്കുന്നില്ല. ഇങ്ങനെയാണോ നമ്മുടെ നാട്. എല്ലാവരും നല്ലത് പോലെ കയ്യടിച്ച് തന്നെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നല്ല കാര്യങ്ങൾ ചെയ്താൽ കയ്യടി ചോദിച്ച് വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ. മന്ത്രിമാരോ പഞ്ചായത്തോ കോർപറേഷനോ നല്ല കാര്യങ്ങൾ ചെയ്താൽ കയ്യടി ചോദിച്ച് വാങ്ങണം. അല്ലെങ്കിൽ കിട്ടില്ല. അടുത്തിടെ ഒരു പരിപാടിയിലുണ്ടായ അനുഭവം പറായം. താൻ വേദിയിലേക്ക് കയറുമ്പോൾ മന്ത്രിയ്ക്ക് എല്ലാവരും നല്ല കയ്യടി കൊടുക്കൂ എന്ന് അവതാകര പറഞ്ഞു. അങ്ങനെ പറഞ്ഞൊന്നും കൈയടി വാങ്ങണ്ട, അവർക്ക് സൗകര്യമുണ്ടെങ്കിൽ കൈയടിക്കും എന്നായിരുന്നു താൻ പറഞ്ഞത് എന്നും ശിവൻകുട്ടി വ്യക്തമാക്കി.
ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്ത വേദിയിൽ ആയിരുന്നു മന്ത്രിയുടെ പരാമർശം. വിദ്യാഭ്യാസ മന്ത്രിയായതിന് പിന്നാലെ മേഖലയിലുണ്ടായ നേട്ടങ്ങളെക്കുറിച്ച് മന്ത്രി സംസാരിച്ചു. എന്നാൽ സദസ്സിൽ നിന്നും യാതൊരു കയ്യടിയും ഉണ്ടായില്ല. ഇതേ തുടർന്നായിരുന്നു മന്ത്രിയുടെ വിമർശനം.
Discussion about this post