ഗാസ സിറ്റി: ഹമാസ് ഭീകരരെ ലക്ഷ്യമിട്ടുളള ഇസ്രായേലിന്റെ തിരിച്ചടിയിൽ വിറങ്ങലിച്ച് ഗാസ. ഗാസയിലെ ഏക വൈദ്യുത നിലയത്തിൽ ഇന്ധനം തീർന്നതിനാൽ മേഖല പൂർണമായി ഇരുട്ടിലായി. ഇസ്രായേൽ ജനതയെ ഹമാസ് ഭീകരർ ആക്രമിച്ചതോടെയാണ് ഇന്ധന വിതരണം ഉൾപ്പെടെ അവതാളത്തിലായത്. വൈദ്യുതിയും വെളളവും ഇന്റർനെറ്റും ഒന്നുമില്ലാത്ത സ്ഥിതിയാണെന്ന് ഗാസ നിവാസികൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുകയാണ് ജനങ്ങൾ. ഗാസ നഗരത്തിലെ ഇസ്ലാമിക സർവ്വകലാശാലയ്ക്ക് നേരെ ഉൾപ്പെടെ ഇസ്രായേലി സൈന്യം ആക്രമണം നടത്തി. ഗാസയുടെ അതിർത്തി മേഖലകൾ ഹമാസിൽ നിന്ന് തിരിച്ചുപിടിച്ചതായി ഇസ്രായേലി സൈന്യം ഇന്നലെ അവകാശപ്പെട്ടിരുന്നു.
ഇസ്രായേലിൽ മ്യൂസിക് ഫെസ്റ്റിൽ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇരുഭാഗത്തും വലിയ ആൾനാശമാണ് ഉണ്ടായത്. 1500 ഓളം ഹമാസ് ഭീകരരുടെ മൃതശരീരങ്ങൾ കണ്ടെടുത്തതായി ഇസ്രായേലി സൈന്യം വ്യക്തമാക്കുന്നു. ഇതിൽ ആയിരത്തോളം പേർ ഗാസയിൽ നിന്നും നുഴഞ്ഞുകയറിയ ഹമാസ് ഭീകരരാണെന്നും സൈന്യം ആരോപിച്ചു.
ഗാസ നഗരത്തിന് ചുറ്റും ഇസ്രായേൽ കനത്ത സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും രാത്രിയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തിയത്. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ഡ്രോൺ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Discussion about this post