ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യ രക്ഷാദൗത്യം നടത്തും. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട ദൗത്യത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മടക്കി എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഇന്ത്യക്കാരുടെ തിരിച്ചുവരവിനായി ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് രക്ഷാദൗത്യം ആരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചത്. നേരത്തെ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചപ്പോഴും യുക്രെയ്ൻ യുദ്ധ സമയത്തും ഇന്ത്യ സമാനമായ രീതിയിൽ രക്ഷാദൗത്യം നടത്തിയിരുന്നു. രണ്ട് ദൗത്യങ്ങളും വിജയകരമായിരുന്നതിന്റെ അനുഭവ സമ്പത്തുമായിട്ടാണ് ഇസ്രായേലിലും ഗാസയിലും നിന്ന് സമാനമായ രക്ഷാദൗത്യത്തിന് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്.
ഹമാസിനെതിരെ ഇസ്രായേൽ തുറന്ന യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ചില രാജ്യങ്ങൾ പൗരൻമാരെ ഒഴിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. യുദ്ധത്തിൽ ഇതുവരെ 22 അമേരിക്കൻ പൗരൻമാർ കൊല്ലപ്പെട്ടതായി യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഇസ്രായേലിലേക്കും തിരിച്ചുമുളള വിമാന സർവ്വീസുകൾ ബ്രിട്ടീഷ് എയർവേയ്‌സ് റദ്ദ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുളള വിമാന സർവ്വീസുകൾ എയർ ഇന്ത്യയും യുദ്ധം ആരംഭിച്ചതിന് പിന്നാലെ റദ്ദ് ചെയ്തിരുന്നു.
ഇന്ത്യൻ എംബസി ഓരോ പ്രദേശങ്ങളിലുമുളള ഇന്ത്യക്കാരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ചിരുന്നു. ഇതനുസരിച്ചാണ് ദൗത്യം ക്രമീകരിക്കുക. വിദേശത്തുളള ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയിലും ക്ഷേമത്തിലും ഭാരതസർക്കാരിന് പൂർണ പ്രതിബദ്ധതയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. 24 മണിക്കൂർ ഹെൽപ് ലൈനും കൺട്രോൾ റൂമും ഇന്ത്യ നേരത്തെ ആരംഭിച്ചിരുന്നു.
Discussion about this post