എറണാകുളം: വിമാന യാത്രയ്ക്കിടെ നടി ദിവ്യ പ്രഭയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി തൃശ്ശൂർ സ്വദേശി ആന്റോ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ആന്റോ ജാമ്യാപേക്ഷ സമർപ്പിച്ചത്. നടിയുടെ ആരോപണത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചത്.
നടിയോട് അപരമര്യാദയായി പെരുമാറിയില്ലെന്നാണ് ആന്റോ പറയുന്നത്. നടിയുടെ സീറ്റിലാണ് താൻ ഇരുന്നത്. ഇതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടാകുക മാത്രമാണ് ചെയ്തത്. ഉടനെ അവിടെയെത്തിയ വിമാന യാത്രികർ മറ്റൊരു സീറ്റ് പകരം നൽകി പ്രശ്‌നം പരിഹരിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു പരാതി വന്നത് എന്ന് അറിയില്ലെന്നും ആന്റോ വ്യക്തമാക്കി.
സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസാണ് കേസ് എടുത്തിട്ടുള്ളത്. സംഭവം നടന്ന നെടുമ്പാശ്ശേരി പോലീസിന്റെ അധികാര പരിധിയിയിൽ അല്ല. അതിനാൽ കേസ് റദ്ദാക്കണമെന്നും മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് നടി ദിവ്യ പ്രഭ പരാതിയുമായി രംഗത്ത് എത്തിയത്. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആന്റോ തട്ടിക്കയറിയെന്നും ശരീരത്തിൽ സ്പർശിച്ചെന്നുമായിരുന്നു നടിയുടെ ആരോപണം. യാത്രയ്ക്ക് പിന്നാലെ നടി സമൂഹമാദ്ധ്യമത്തിൽ തനിയ്ക്ക് ഉണ്ടായ ദുരനുഭവം പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു.
Discussion about this post