ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിലെ ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. ഇന്ന് രാവിലെയോടെയായിരുന്നു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സംഘം ഡൽഹിയിൽ എത്തിയത്. ഇവരെ ജന്മനാടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
212 ഇന്ത്യക്കാരാണ് ആദ്യ സംഘത്തിൽ ഉള്ളത്. മലയാളി വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു. വിമാനത്താവളത്തിൽ എത്തിയ ഇവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്നലെ വൈകീട്ടോടെയാണ് വിമാനം ഇസ്രായേലിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി തിരികെ മടങ്ങാൻ ഒരുങ്ങുന്ന വിമാനത്തിന്റെ ചിത്രങ്ങൾ ഇന്നലെ രാത്രി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. വരും ദിവസങ്ങളിൽ ഓപ്പറേഷൻ അജയ് ദൗത്യം തുടരും.
ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ അജയ്. ഇസ്രായേൽ- ഹമാസ് പോരാട്ടം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിൽ നിന്നുള്ള വിമാന സർവ്വീസുകൾ പൂർണമായി നിലയ്ക്കുകയും ഇന്ത്യക്കാർക്ക് മടങ്ങാൻ കഴിയാതെവരികയുമായിരുന്നു. ഇതോടെയാണ് ഇവരുടെ അഭ്യർത്ഥന പ്രകാരം കേന്ദ്രം ഓപ്പറേഷൻ അജയ്ക്ക് തുടക്കമിട്ടത്. തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവരെയാണ് ഇന്ത്യയിൽ എത്തിക്കുന്നത്.
അതേസമയം ഇസ്രായേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യക്കാർക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
Discussion about this post