ന്യൂഡൽഹി: ഡൽഹിയിലെ ജമാമസ്ജിദ് പരിസരത്ത് സുരക്ഷ ശക്തമാക്കി പോലീസ്. ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷത്തിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്. മസ്ജിദ് പരിസരത്ത് പോലീസ് റൂട്ട് മാർച്ചും നടത്തി.
ഇസ്രായേൽ – ഹമാസ് പോരാട്ടം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയാണ് ഇന്ന്. മസ്ജദിൽ പ്രാർത്ഥനയ്‌ക്കെത്തുന്നവർ ഹമാസ് അനുകൂല പ്രകടനങ്ങൾ നടത്തുമെന്ന് ഡൽഹി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മസ്ജിദിലും പരിസരത്തും കൂടുതൽ പോലീസ് വിന്യസിച്ചത്. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ഉൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്.
പ്രാർത്ഥനകൾക്കായി വീടുകൾക്ക് സമീപമുള്ള മസ്ജിദുകളിൽ മാത്രം പോയാൽ മതിയെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാർത്ഥനയ്ക്ക് ശേഷം ഉടൻ വീട്ടിലേക്ക് മടങ്ങണം. സംഘം ചേരരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മസ്ജിദിന് പുറമേ ജൂത ആരാധനാ കേന്ദ്രമായ ചബാദ് ഹൗസിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹമാസിനെ അനുകൂലിച്ച് രാജ്യത്ത് ചില സാമൂഹിക മാദ്ധ്യമ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് വലിയ ആശങ്കയും ഉളവാക്കുന്നുണ്ട്. ഇതിനിടെയാണ് സംഘർഷ സാദ്ധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നത്.
Discussion about this post