ജയ്പൂർ: മൺമറഞ്ഞ പിതാമഹൻമാർക്ക് പിതൃതർപ്പണം നടത്തി ഫ്രഞ്ച് വനിതകൾ. രാജസ്ഥാനിലെ ജയ്‌സാൽമേറിൽ എത്തിയ വിനോദ സഞ്ചാരികൾ ആയിരുന്നു പിതൃതർപ്പണം നടത്തിയത്. 17 വനിതകളാണ് പിതൃതർപ്പണം നടത്തി പിതൃക്കളുടെ ആത്മാവിന് മോക്ഷം നൽകിയത്.
ഗാദിസാർ നദിയുടെ തീരത്ത് ആയിരുന്നു ചടങ്ങുകൾ നടന്നത്. ജയ്‌സാൽമേർ സന്ദർശിക്കാൻ എത്തിയവർ മറ്റ് സ്ഥലങ്ങൾ കണ്ട ശേഷം നദിക്കരയിൽ എത്തുകയായിരുന്നു. അപ്പോഴാണ് നദിയുടെ തീരത്ത് ബലി തർപ്പണ ചടങ്ങുകൾ നടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൈഡിനോട് ചോദിച്ചറിയുകയായിരുന്നു. ഹിന്ദു മതത്തിലെ പ്രധാന ചടങ്ങാണ് ഇതെന്നും, പിതൃതപ്പണം പൂർവ്വികരുടെ ആത്മാവിന് ഇതിലൂടെ മോക്ഷം ലഭിക്കുമെന്നും ഗൈഡ് ഇവരോട് പറഞ്ഞു. ഇതിന് പുറമേ ഹിന്ദു മതത്തിന്റെ മൂല്യങ്ങളെക്കുറിച്ചും പറഞ്ഞു നൽകി. ഇതോടെ തങ്ങൾക്കും പിതൃതർപ്പണം നടത്തണമെന്ന് വനിതകൾ അറിയിക്കുകയായിരുന്നു.
ഉടനെ ഗൈഡ് വിവരം പുരോഹിതനെ അറിയിച്ചു. അദ്ദേഹം പൂർണ സമ്മതം നൽകിയതോടെ 17 പേർക്കും പിതൃതർപ്പണത്തിനായുള്ള സൗകര്യം നദിക്കരിലയിൽ ഒരുക്കുകയായിരുന്നു. എല്ലാവരും പിതാക്കളുടെ മോക്ഷത്തിനായി പ്രാർത്ഥിക്കുകയും കർമ്മങ്ങൾ ചെയ്യുകയും ചെയ്തു. തുടർന്ന് സന്തോഷത്തോടെയായിരുന്നു ഇവർ മടങ്ങിയത്. പിതൃതപ്പണത്തിന് ശേഷം മനസ്സിന് വലിയ സമാധാനം തോന്നുന്നുവെന്നും ഇവർ പ്രതികരിച്ചു. ഫ്രാൻസിൽ നിന്നും ഒരാഴ്ച മുൻപാണ് വനിതകൾ ജയ്‌സാൽമേറിൽ എത്തിയത്.
Discussion about this post