കണ്ണൂർ : പോലീസ് വാഹനങ്ങളുടെ റിപ്പെയറിന് പോലും പണമില്ല എന്ന അവസ്ഥയിലേക്കാണ് സംസ്ഥാനത്തെ നീങ്ങുന്നത്. ടയറുകൾ നാലും തേയ്മാനം വന്ന അവസ്ഥയിലാണ്. ഇളകിയാടുന്ന, എപ്പോൾ വേണമെങ്കിലും താഴെ വീഴും എന്ന സ്ഥിതിയിലാണ് വാഹനത്തിന്റെ ഭാഗങ്ങൾ നിൽക്കുന്നത്. പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ പെട്രോൾ പമ്പുകൾക്ക് ജില്ലയിൽ മാത്രം 50 ലക്ഷത്തിലധികം രൂപ പോലീസ് നൽകാനുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പോലീസ് വകുപ്പിനെയും ബാധിച്ചിട്ടുണ്ട് എന്നതിന്റെ പ്രധാന ഉദാഹരണമാണിത്.
പോലീസ് സ്‌റ്റേഷൻ പരിധികളിലെ പെട്രോൾ പമ്പുകളിൽ നിന്നാണ് പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നത്. ഏറെ നാളായി ഇന്ധനം നിറയ്ക്കുന്നത് പമ്പിൽ കടം പറഞ്ഞാണ്. പമ്പുകളിൽ ഭീമമായ കുടിശ്ശികയെ തുടർന്ന് പെട്രോൾ പമ്പ് ഉടമകൾ ഇന്ധനം നൽകാൻ മടിക്കുകയാണ്. എന്നാൽ ഇന്ധന പ്രതിസന്ധിയിൽ ഡ്യൂട്ടി തടസ്സപ്പെടുത്തരുതെന്ന് ഡിജിപി എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങളുടെ സ്‌പെയർ പാർട്‌സ് വാങ്ങുന്ന കടകളിൽ പോലും പോലീസിന് കുടിശ്ശികയുണ്ട്. കുറെയേറെ വാഹനങ്ങൾ ഇപ്പോഴും കട്ടപ്പുറത്ത് കിടക്കുകയാണ്. ഇതിനിടെ വീടുകളിലെ ആവശ്യങ്ങൾക്ക് വേണ്ടി പോലും പോലീസ് വാഹനങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും ആക്ഷേപമുണ്ട്.
Discussion about this post