കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ വീടിന് തീപിടിച്ച് നാശനഷ്ടം. കോഴിക്കോട് ചെക്യാട് കണ്ടിവാതുക്കലിൽ ആണ് സംഭവം. പുറപ്പുഴ മേരിയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പ്രദേശത്ത് അതിശക്തമായ മിന്നലും ഇടിയുമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടയിലാണ് വീടിന്റെ മേൽക്കൂരയിൽ തീപിടുത്തം ഉണ്ടായത്. സ്വിച്ച് ബോർഡ് ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്. മൺകട്ട കൊണ്ടു കെട്ടിയ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം ഷീറ്റുകളിട്ടതാണ്. മിന്നലിൽ മേൽക്കൂരയുടെ ഒരു ഭാഗത്തേക്ക് തീ പടരുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഏറെക്കുറെ നശിച്ചിട്ടുണ്ട്. വീടിന്റെ പരിസരത്ത് രണ്ടുപേർക്കും മിന്നലേറ്റെങ്കിലും കാര്യമായ പരിക്കില്ല. വീടിന്റെ മൺകട്ടകളും ഇളകിത്തെറിച്ചതായി വീട്ടുകാർ പറഞ്ഞു. ഇതിനോട് ചേർന്നു തന്നെ മറ്റ് വീടുകൾ ഉളളതാണ്. തീ പടരാതിരുന്നതിനാലാണ് കൂടുതൽ നാശനഷ്ടം ഒഴിവായതെന്ന് പരിസരവാസികൾ പറഞ്ഞു.
Discussion about this post