ധർമ്മശാല; ലോകകപ്പ് ക്രിക്കറ്റിൽ വീണ്ടും അട്ടിമറി. കരുത്തരായ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് ആണ് അട്ടിമറിച്ചത്. 38 റൺസിനായിരുന്നു നെതർലൻഡ്‌സിന്റ വിജയം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചതിന്റെ അമ്പരപ്പ് മാറും മുൻപാണ് ക്രിക്കറ്റ് ആരാധകർക്ക് മുൻപിലേക്ക് നെതർലാൻഡ്‌സും സ്വപ്‌ന വിജയവുമായി എത്തുന്നത്.
മഴ മൂലം 43 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സ് 245 റൺസെടുത്തു. 69 പന്തിൽ പുറത്താകാതെ 78 റൺസെടുത്ത ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്‌സ് ആണ് നെതർലൻഡ്‌സിന് വിജയത്തിലേക്കുളള വഴിതെളിച്ചത്. റോയലോഫ് വാൻഡർ മെർവെ 19 പന്തിൽ 29 റൺസും ആര്യൻ ദത്ത് പുറത്താകാതെ ഒൻപത് പന്തിൽ 23 റൺസുമെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ പന്തുകൊണ്ടും നെതർലൻഡ്‌സ് വരിഞ്ഞുമുറുക്കി. 52 പന്തിൽ 43 റൺസെടുത്ത ഡേവിഡ് മില്ലറും 37 പന്തിൽ 40 റൺസെടുത്ത കേശവ് മഹാരാജും 28 റൺസെടുത്ത ഹെൻറിച്ച് ക്ലാസെനും മാത്രമാണ് നെതർലൻഡ് ബൗളർമാർക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞുളളൂ.
ഒൻപത് ഓവറുകൾ എറിഞ്ഞ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ലോഗൻ വാൻ ബീക്ക് ആയിരുന്നു പന്ത് കൊണ്ടുളള ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. പോൾ വാൻ മീക്കെറനും റോയലോഫ് വാൻ ഡെർ മെർവെയും ബാസ് ഡെ ലീഡെയും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. 207 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മറുപടി ബാറ്റിംഗിൽ നേടാൻ കഴിഞ്ഞത്.
ഇതോടെ മൂന്ന് കളികളിൽ നിന്ന് ഒരു വിജയവുമായി നെതർലൻഡ്‌സും പോയിന്റ് പട്ടികയിൽ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്ക രണ്ട് ജയത്തോടെ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം 69 റൺസിനാണ് അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്.
Discussion about this post