പത്തനംതിട്ട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ, ആരോപണ വിധേയരായ സിപിഎം നേതാക്കളെ വെള്ള പൂശാൻ ഡി വൈ എഫ് ഐ. ഇഡി സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുകയാണെന്നും രാഷ്ട്രീയ വേട്ടയാണ് നടക്കുന്നത് എന്നും ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡി വൈ എഫ് ഐ. ആരോപണം കടുപ്പിക്കുന്നതിന്റെ ഭാഗമായി, പ്രതിഷേധം എന്ന നിലയിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചു.
ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. 2023 ഒക്ടോബർ 19 വ്യാഴാഴ്ച മാർച്ച് നടത്തുമെന്നാണ് ഡി വൈ എഫ് ഐ അറിയിച്ചിരിക്കുന്നത്. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോമാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം കരുവന്നൂർ ബാങ്ക് കൊള്ളയിൽ ഇരകളാക്കപ്പെട്ട നിക്ഷേപകർക്ക് സൗജന്യ നിയമ സഹായം നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ബിജെപി ലീഗൽ സെൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വായ്പകൾ നിയന്ത്രിച്ചിരുന്നത് സി പി എം ആയിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വായ്പ അനുവദിച്ചിരുന്നത് സി പിഎം പാർലമെന്ററി സമിതി ആയിരുന്നുവെന്നും ഇഡി കണ്ടെത്തിയിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പങ്കാളികളായവരുടെ 87.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
Discussion about this post