മുംബൈ : 20 ദിവസത്തിനിടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ച്ഛിറോളിയിലാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. സംഗമിത്രയും റോസയുമാണ് അറസ്റ്റിലായത്.
ഭർത്താവും ഭർതൃവീട്ടുകാരും തമ്മിൽ കലഹമുണ്ടായ കാരണത്താൽ സംഗമിത്രയും സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മൂലം റോസയും ചേർന്ന് അഞ്ച് പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശങ്കര് കുംഭാരെ ഭാര്യ വിജയ മക്കളായ – കോമൾ ദഹാഗോക്കർ, ആനന്ദ, റോഷൻ കുംഭാരെ എന്നിവരാണ് കൊല്ലപ്പെട്ടത്. ആർസനിക്ക് എന്ന ലോഹം ഭക്ഷണത്തിൽ കലർത്തിയായിരുന്നു കൊലപാതകം.
സെപ്തംബർ 20നാണ് ശങ്കര് കുംഭാരെയ്ക്കും ഭാര്യ വിജയയ്ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായത്. ഇരുവരുടെയും ആരോഗ്യം വഷളാവുകയും ശരീരവേദന അനുഭവപ്പെടുകയും വിഷബാധമൂലം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇരുവരെയും ആദ്യം അഹേരിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് ചന്ദ്രാപൂരിലേക്കും ഒടുവിൽ നാഗ്പൂരിലെ ആശുപത്രിയിലേക്കും മാറ്റി. ശങ്കര് കുംഭാരെ സെപ്തംബര് 26ന് മരിച്ചു. ഒരു ദിവസത്തിന് ശേഷം ഭാര്യയും മരിക്കുകയായിരുന്നു.
ഇതിന്റെ ദുഃഖത്തിലിരിക്കുമ്പോഴാണ് മക്കളായ കോമൾ ദഹാഗോക്കർ, ആനന്ദ, റോഷൻ കുംഭാരെ എന്നിവർക്കും സമാനമായ രീതിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ ആരംഭിച്ചു. ദിവസം കൂടുന്തോറും ഇവരുടെ സ്ഥിതിയും വഷളാകാൻ ആരംഭിച്ചു. തുടർന്ന് കോമൾ ഒക്ടോബർ 8 നും ആനന്ദ ഒക്ടോബർ 14 നും റോഷൻ കുംഭാരെ തൊട്ടടുത്ത ദിവസവും മരിച്ചു.
കുടുംബാംഗങ്ങളുടെ മരണവാർത്തയറിഞ്ഞ് ശങ്കർ കുംഭാരെയുടെ മൂത്തമകൻ സാഗർ കുംഭാരെ ഡൽഹിയിൽ നിന്ന് ചന്ദ്രാപുരിലേക്ക് എത്തിയിരുന്നു. എന്നാൽ, വീട്ടിലെത്തിയ ഇയാൾക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടു.
ശങ്കറിനെയും വിജയയെയും ചന്ദ്രാപൂരിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയ ഡ്രൈവർ രാകേഷ് മാഡവിയുടെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബത്തെ സഹായിക്കാൻ എത്തിയ ഒരു ബന്ധുവിനും സമാനമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു.
കുടുംബത്തിലെ അഞ്ച് പേർ മരിച്ചതിൽ ദുരൂഹത ഉണ്ടെന്ന് മനസിലാക്കിയ പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് സംഗമിത്രയും റോസയും പിടിയിലായത്.
മരിച്ച റോഷന്റെ ഭാര്യയാണ് സംഗമിത്ര. മാതാപിതാക്കളുടെ എതിർപ്പിന് വിരുദ്ധമായാണ് സംഗമിത്ര റോഷനെ വിവാഹം കഴിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അവരുടെ അച്ഛൻ ആത്മഹത്യ ചെയ്തു. അതിനുശേഷം അവർ അസ്വസ്ഥയായിരുന്നു. ഇതിന് പുറമേ അവളുടെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് അവളെ നിരന്തരം പരിഹസിച്ചു. ഈ കുടുംബത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ആഗ്രഹമാണ് സംഗമിത്രയെ കൊലപാതകത്തിൽ കൊണ്ടെത്തിച്ചത് എന്ന് പോലീസ് സൂപ്രണ്ട് നീലോത്പാൽ പറഞ്ഞു.
വിജയ കുംഭാരെയുടെ ഭർതൃസഹോദരിയായിരുന്നു റോസ രാംതെകെ. അടുത്ത വീട്ടിലാണ് അവർ താമസിച്ചിരുന്നത്. ഭർത്താവിന്റെ മാതാപിതാക്കളുടെ പൂർവ്വിക സ്വത്ത് ശങ്കര് കുംഭാരെയുടെ ഭാര്യയും സഹോദരിമാരും പങ്കിടുന്നതിനെച്ചൊല്ലി അവർക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇത് അവരെ കൊലയിലേക്ക് നയിച്ചത്.
വെളളത്തിൽ പച്ചമരുന്ന് ഇട്ടിട്ടുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇവർ വിഷം നൽകിയത് എന്നും പോലീസ് കണ്ടെത്തി.
Discussion about this post