കണ്ണൂർ: ഇസ്രയേൽ പോലീസിന് യൂണിഫോം തുന്നി നൽകുന്നത് കണ്ണൂരിലെ മരിയൻ അപ്പാരൽസ് നിർത്തിവെച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് കമ്പനിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഹമാസ് ഭീകരർക്കെതിരെ പോരാടുന്ന ഇസ്രായേലിനെ എതിർക്കുന്ന സിപിഎം സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന.
വ്യവസായമന്ത്രി പി രാജീവ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ലെന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചുവെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്നും പി രാജീവ് വിശദീകരിക്കുന്നു.
ഇസ്രായേൽ പോലീസിനു മാത്രമല്ല ഫിലപ്പീൻ ആർമി, ഖത്തർ എയർഫോഴ്സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രികൾ തുടങ്ങി വിവിധ ലോകരാജ്യങ്ങളിൽ എത്തുന്ന യൂണിഫോമുകളിൽ മരിയൻ അപ്പാരൽസിലെ തൊഴിലാളികളുടെ കൈകളുണ്ട്.
ഇസ്രായേൽ പോലീസിന് 2015 മുതൽ മരിയൻ അപ്പാരൽ യൂണിഫോം നൽകുന്നുണ്ടായിരുന്നു. പൂർണമായും എക്സ്പോർട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മലയാളിയായ തോമസ് ഓലിക്കൽ നേതൃത്വം നൽകുന്ന കമ്പനി 2008 മുതൽ കണ്ണൂർ കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിർമിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ടീമും മരിയൻ അപ്പാരലിൽ ഉണ്ട്.
ഗാസയിൽ യുദ്ധം തുടങ്ങിയതോടെ പത്രമാദ്ധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു തൊഴിലാളികൾ യൂണിഫോം തുന്നുന്ന ചിത്രം ഉൾപ്പെടെ ആയിരുന്നു വാർത്തകൾ പുറത്തുവന്നത്. ഇസ്രായേലിനെ എതിർക്കുന്ന സിപിഎം പലസ്തീനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാടുനീളെ പ്രകടനവും പ്രതിഷേധവും നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇസ്രായേൽ പോലീസിന് യൂണിഫോം തുന്നുന്ന കമ്പനി കേരളത്തിൽ പ്രവർത്തിക്കുന്നത് തങ്ങളുടെ നിലപാടിന് വെല്ലുവിളിയാകുമെന്ന വിലയിരുത്തലിൽ കമ്പിനിയിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post