ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യക്കെതിരായ സമ്മർദ്ദ തന്ത്രങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി കാനഡ. ഇന്ത്യയിൽ നിന്നും 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാൻ കാനഡ തീരുമാനിച്ചു. കനേഡിയൻ വിദേശകാര്യ മന്ത്രിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. അതേസമയം കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഇന്ത്യയിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഖാലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിനെ വാൻകൂവറിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്നാണ് കാനഡയുടെ ആരോപണം. എന്നാൽ ഇന്ത്യ ഈ ആരോപണം ആവർത്തിച്ച് നിഷേധിച്ചിരുന്നു. കാനഡ ഭീകരവാദികൾക്ക് സുരക്ഷിത താവളമൊരുക്കുകയാണ് എന്ന് തിരിച്ചടിച്ച ഇന്ത്യ, കാനഡക്കെതിരെ നയതന്ത്ര നീക്കം ശക്തമാക്കിയിരുന്നു.
ഖാലിസ്ഥാൻ വിഷയത്തിൽ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി ഇന്ത്യ വീണ്ടും രംഗത്ത് വന്നിരുന്നു. ഭീകരവാദികൾക്കെതിരായ നയങ്ങളിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ഇന്ത്യക്കെതിരായ കാനഡയുടെ നീക്കങ്ങൾ അസംബന്ധമാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഖാലിസ്ഥാൻ വിഷയം അന്താരാഷ്ട്രതലത്തിൽ ഉന്നയിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ കാനഡ നടത്തിയ ശ്രമം തുടക്കത്തിലേ പാളിയിരുന്നു. കാനഡയുടെ ആവശ്യപ്രകാരം ഇന്ത്യക്കെതിരെ സംയുക്ത പ്രസ്താവന നടത്താൻ സാദ്ധ്യമല്ലെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഓസ്ട്രേലിയയും വ്യക്തമാക്കിയിരുന്നു. കൂടാതെ കാനഡക്കെതിരെ ഇന്ത്യൻ അനുകൂല നിലപാട് സ്വീകരിച്ച് ശ്രീലങ്കയും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി രംഗത്ത് വന്നിരുന്നു.
Discussion about this post