ചെന്നൈ: ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലെത്തിയ ചിത്രം ലിയോ തിയേറ്ററുകളെ പൂരപറമ്പാക്കി ജൈത്ര യാത്ര തുടരുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രം ഒരു ദിവസം കൊണ്ട് 145 കോടിയാണ് ഗ്രോസ് കളക്ഷൻ നേടിയത്. ആദ്യദിനം 68 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. അതിൽ തമിഴ്നാട്ടിൽ നിന്ന് 32 കോടിയോളവും കേരളത്തിൽ നിന്ന് 12 കോടിയോളവും വരും. കർണാടകയിലും തെലുങ്കാനയിലും ആന്ധ്രയിലും മികച്ച വരുമാനം നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ രാജ്യങ്ങളിൽ നിന്ന് 70 കോടിയിലേറെ വരുമാനം നേടി.
ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിനൊപ്പം ലിയോയിൽ അഭിനയിക്കാനായി വിജയ് വാങ്ങിയ പ്രതിഫലത്തുകയും ചർച്ചയാവുകയാണ്. എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും ചേർന്ന് നിർമിയ്ക്കുന്ന ലിയോയുടെ ആകെ ബജറ്റ് 250 കോടിയ്ക്കും 300 കോടിയ്ക്കും ഇടയിലാണ്. ഇതിൽ നായകൻ വിജയ് യുടെ മാത്രം പ്രതിഫലം 120 കോടി രൂപയാണെന്നാണ് വിവരം.
വെട്രി സിനിമയിൽ ബാലതാരമായി എത്തിയ വിജയുടെ അന്നത്തെ പ്രതിഫലം 500 രൂപയായിരുന്നു. രജിനികാന്ത് കഴിഞ്ഞാൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടൻ വിജയ് ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവിൽ ചെയ്ത മാസ്റ്റർ, മെർസൽ, സർക്കാർ, ബീസ്റ്റ് പോലുള്ള സിനിമകൾ വരെയും നൂറ് കോടി രൂപയായിരുന്നു വിജയ് യുടെ പ്രതിഫലം.
ലിയോയിൽ വില്ലനായെത്തിയ സഞ്ജയ് ദത്ത് 10 കോടി രൂപയാണേ്രത പ്രതിഫലം വാങ്ങിയത്. തൃഷ 7 കോടി രൂപയും പ്രതിഫലമായി വാങ്ങി. മറ്റൊരു പ്രധാന വില്ലനായ ഹരോൾഡ് ദാസിനെ അവതരിപ്പിച്ച തമിഴ് നടൻ അർജുൻ സർജയ്ക്ക് ലഭിച്ചത് 2 കോടി രൂപയാണ്. ഗൌതം വസുദേവ് മേനോന് 70 ലക്ഷവും പ്രിയ ആനന്ദ് 50 ലക്ഷവും ലഭിച്ചു. മിസ്‌കിനും മൻസൂർ അലി ഖാനും 50 ലക്ഷം വരെ ലഭിച്ചെന്നാണ് വിവരം. മലയാളിയായ യുവ താരം മാത്യു തോമസിന് വളരെ അധികം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തിൽ ലഭിച്ചത്. എന്നാൽ മാത്യുവിന് എത്ര പ്രതിഫലം ലഭിച്ചെന്ന വിവരം പുറത്തുവന്നിട്ടില്ല. കോടികൾ മാത്യുവിനും ലഭിച്ചെന്നാണ് വിവരം. സിനിമയ്ക്കായി 8 കോടിയാണത്രേ സംഗീതസംവിധായകൻ അനിരുദ്ധ് പ്രതിഫലമായി വാങ്ങിയത്. ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് വാങ്ങിയത് 25 കോടിയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post