ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ബ്രിട്ടീഷ് പൌരകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ബ്രിട്ടനിലെ 16 വയസ്സുകാരി നോയ്യാ ഷറാബിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നോയ്യയുടെ അമ്മയും സഹോദരിയും കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരണം വന്നിരുന്നു.
നോയ്യാ ഹമാസ് ഭീകരരുടെ തടവിലായിരിക്കുമെന്നാണ് ബന്ധുക്കൾ ഭയപ്പെട്ടിരുന്നത്. എന്നാൽ 16 കാരിയായ നോയ്യയും കൊല്ലപ്പെട്ടതായ ദു:ഖകരമായ വാർത്തയാണ് ഒടുവിൽ ബന്ധുക്കളെ തേടിയെത്തിയത്. നോയ്യയുടെ മരണത്തോടെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം 10 ആയി ഉയർന്നു. ആറ് പേരെ കാണാതായിട്ടുണ്ട്.
ഒക്‌ടോബർ 7-ന് ഇസ്രായേലിലെ കിബ്ബൂട്ട്‌സിൽ നടന്ന ആക്രമണത്തിൽ ആണ് നോയ്യയുടെ 13 വയസ്സുള്ള സഹോദരിയും അമ്മയും കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നത്. നോയ്യാ ഷറാബിയെ തട്ടിക്കൊണ്ടുപോയതായാണ് ബന്ധുക്കൾ ഭയപ്പെട്ടത്. നോയ്യയുടെ മൃതദേഹം ഔപചാരികമായി തിരിച്ചറിഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
സന്നദ്ധസേവനത്തിനായാണ് നോയ്യയുടെ അമ്മ ഇസ്രായേലിലേക്ക് എത്തിയതെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ ബ്രിസ്റ്റോളിലാണ് നോയ്യയുടെ കുടംബം. അമ്മ ലിയാൻ (48).അമ്മ, ലിയാൻ 19 വയസ്സുള്ളപ്പോൾ ഇസ്രായേലിലെ കിബ്ബൂട്സിൽ സന്നദ്ധപ്രവർത്തകയായി എത്തിയതാണ്. അവിടെവെച്ച് എലി എന്ന യുവാവിനെ കണ്ടുമുട്ടി. 2000-ൽ യുകെയിൽ വെച്ചാണ് ഇരുവരും വിവാഹിതരാവുന്നത്. ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇദ്ദേഹത്തെയും കാണാനില്ലെന്നാണ് വിവരം.
ഹമാസ് ആക്രമണം നടക്കുന്ന വേളയിൽ യുകെയിലെ ബന്ധുക്കൾക്ക് ഫോൺ സന്ദേശങ്ങൾ അയച്ചതായാണ് പറയപ്പെടുന്നത്.വീടിന് പുറത്ത് വെടിയൊച്ചകൾ കേൾക്കുന്നതായും അറബിയിൽ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നതുമായാണ് ഫോൺസന്ദേശം. ആളുകളെല്ലാം ഓടിയൊളിക്കുന്നതായും ഇവർ ബന്ധുക്കളെ അറിയിച്ചിരുന്നു.
തീവ്രവാദികൾ വീട്ടിൽ കയറി വാതിൽ തുറക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ ഫോണിലൂടെ കേൾക്കുന്നുണ്ടായിരുന്നു. അതുവരെ അവർ മുറിയിൽ സുരക്ഷിതരായിരുന്നു. തുടർന്ന് ആശയവിനിമയം നിലച്ചു, മൂന്ന് ദിവസത്തിന് ശേഷമാണ് ഇസ്രായേൽ സൈനികർക്ക് എലിയുടെയും ലിയാനയുടെയും വീട്ടിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. ഇവരുടെ മറ്റ് ബന്ധുക്കളും ആക്രമണത്തിന് ഇരകളാണ്. ചിലർ ബന്ദികളാക്കിയവരിൽ ഉൾപ്പെട്ടതായാണ് മറ്റ് ബന്ധുക്കൾ പറയുന്നത്.
Discussion about this post