മുംബൈ: ആഗോള നന്മയാണ് ഭാരതത്തിന്റെ ലക്ഷ്യമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. എന്നാൽ ചില ശക്തികൾ സംഘർഷത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ നടന്ന ആർഎസ്എസ് ജന്മദിന ആഘോഷപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള നന്മയാണ് ഭാരതത്തിന്റെ ലക്ഷ്യം. ഇതിനായി രാജ്യം പ്രവർത്തിക്കുന്നു. എന്നാൽ ചില രാജ്യവിരുദ്ധ ശക്തികൾ അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇവർ മേലങ്കിയണിഞ്ഞവർ ആണ്. ചില രാജ്യവിരുദ്ധ ശക്തികൾ അവരെ സാംസ്‌കാരിക മാർകിസ്റ്റുകൾ എന്നാണ് സ്വയം കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നത് എന്നാണ് ഇത്തരം ശക്തികൾ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതെ ആക്കുകയാണ് ഇവരുടെ ലക്ഷ്യം. സംസ്‌കാരം, അന്തസ്സ്, എന്നിവ തകർക്കുന്നു. അരാചകത്വവും, വിവേചനം എന്നിവ ഇവർ പ്രോത്സാഹിപ്പിക്കുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
ഇത്രയും കാലം സമാധാനത്തിൽ കഴിഞ്ഞിരുന്ന മണിപ്പൂർ ജനതയ്ക്കിടയിൽ പെട്ടെന്നാണ് സംഘർഷങ്ങൾ ഉടലെടുത്തത്. ആരാണ് നിക്ഷിപ്ത താത്പര്യത്തോടെ സംസ്ഥാനത്തെ സമാധാനം ഇല്ലാതാക്കുന്നത്. ഇത്തരം രാജ്യവിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം.
ദേശീയോദ്ഗ്രഥനത്തിന് അത്യന്താപേക്ഷിതമായ മൂന്ന് ഘടകങ്ങളാണ് ഉള്ളത്. മാതൃരാജ്യത്തോടുള്ള ഭക്തി, പൂർവ്വികരിലുള്ള അഭിമാനം, പൊതു സംസ്‌കാരം എന്നിവയാണ് അവ. ഇവ എല്ലാവരും പിന്തുടരണം. അടുത്ത വർഷം ജനുവരിയിൽ രാമക്ഷേത്രം എല്ലാവർക്കുമായി തുറന്ന് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post