ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി ഒരു എയർ മാർഷൽ ദമ്പതികൾ ഉണ്ടായിരിക്കുന്നു. തിങ്കളാഴ്ച ഹോസ്പിറ്റൽ സർവീസ് (ആംഡ് ഫോഴ്‌സ്) ഡയറക്ടർ ജനറലായി എയർ മാർഷൽ ഡോ. സാധന നായർ ചുമതലയേറ്റതോടെയാണ് വ്യോമസേനയിൽ ഇത്തരമൊരു ചരിത്രം കുറിക്കപ്പെടുന്നത്. എയർ മാർഷൽ കെപി നായർ ആണ് സാധനയുടെ ഭർത്താവ്.
ഐഎഎഫ് ഡയറക്ടർ ജനറലും ഫൈറ്റർ പൈലറ്റുമായിരുന്നു എയർ മാർഷൽ കെപി നായർ.
എയർ മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് സാധന സക്‌സേന നായർ ജനറൽ ഹോസ്പിറ്റൽ സർവീസസ് (ആംഡ് ഫോഴ്‌സ്) ഡയറക്ടറായി തിങ്കളാഴ്ച ചുമതലയേറ്റു. അതിനു മുൻപ് ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എയർഫോഴ്സിന്റെ ട്രെയിനിംഗ് കമാൻഡിൽ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായിരുന്നു സാധന. എയർ മാർഷൽ പത്മ ബന്ദോപാധ്യായയ്ക്ക് ശേഷം IAF-ൽ എയർ മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയാണ് സാധന നായർ.
ഈ എയർ മാർഷൽ ദമ്പതികൾക്ക് വ്യോമസേനയുമായി വേറെയും ചില ബന്ധങ്ങളുണ്ട്. ഡോ. സാധന നായരുടെ മാതാപിതാക്കളും സഹോദരനും വ്യോമസേന ഉദ്യോഗസ്ഥരാണ്. എയർ മാർഷൽ കെ പി നായരുടെയും സാധന നായരുടെയും മകനും വ്യോമസേനയിൽ ഫൈറ്റർ പൈലറ്റ് ആണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഈ കുടുംബത്തിലെ മൂന്നു തലമുറകൾ ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിക്കുന്നു.
പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഡോ. സാധന നായർ 1985ലാണ് ഇന്ത്യൻ വ്യോമസേനയിലേക്കെത്തുന്നത്. വെസ്റ്റേൺ എയർ കമാൻഡിന്റെയും ട്രെയിനിംഗ് കമാൻഡിന്റെയും ആദ്യ വനിതാ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ കൂടിയായിരുന്നു സാധന നായർ. ഇന്ത്യൻ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലും ഡോ. സാധന കരസ്ഥമാക്കിയിട്ടുണ്ട്.
Discussion about this post