കൊളംബോ: ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയടക്കം ഏഴു രാജ്യങ്ങള്‍ക്കാണ് സൗജന്യ വിസ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ശ്രീലങ്കയുടെ പൈലറ്റ് പ്രോജക്ട് എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. ഇന്ത്യ കൂടാതെ ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കും സൗജന്യ വിസ അനുവദിച്ചിട്ടുണ്ട്.
ഇതോടെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മാര്‍ച്ച് വരെ വിസയുടെ ആവശ്യമില്ല. 2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ശ്രീലങ്കയില്‍ വിനോദസഞ്ചാരികളായി എത്തിയിട്ടുള്ളത്. പ്രതിവര്‍ഷം രണ്ട് മില്യണ്‍ വിദേശ സന്ദര്‍ശകരെയാണ് ഇത്തരം പദ്ധതികളിലൂടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
വിസ സൗജന്യമാകുന്നതോടെ കൂടുതല്‍ പേര്‍ ശ്രീലങ്ക സന്ദര്‍ശിക്കുമെന്നും അതുവഴി വിനോദസഞ്ചാര മേഖല കൂടുതല്‍ സജീവമാകുമെന്നുമാണ് ശ്രീലങ്കയുടെ പ്രതീക്ഷ. കോവിഡിനും പുറമേ കടുത്ത സാമ്പത്തിക മാന്ദ്യം പ്രതിസന്ധിയിലാക്കിയ രാജ്യത്തെ ഇത്തരം നടപടികള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
Discussion about this post