തൃശ്ശൂർ: കൊട്ടേക്കാട് ഒൻപതുവയസ്സുകാരനെ വീടിന് സമീപത്തെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
രാവിലെയോടെയായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടത്. വീടിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകീട്ട് സൈക്കിളുമായി കളിക്കാൻ പോയത് ആയിരുന്നു കുട്ടി. എന്നാൽ ഏറെ വൈകിയും കുട്ടി തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് രാവിലെ മാലിന്യപ്ലാന്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടത്.
പ്രദേശത്ത് വാടകയക്ക് താമസിക്കുകയാണ് കുട്ടിയുടെ കുടുംബം. പറമ്പിലാണ് സാധാരണയായി കുട്ടി സൈക്കിൾ ഓടിച്ച് കളിക്കുക. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post