കൊച്ചി : കാക്കനാട് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാക്കനാട് സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുൽ നായരാണ് മരിച്ചത്. എന്നാൽ വിദഗ്ധ പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം ഭക്ഷ്യവിഷബാധയേറ്റത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞു. അണുബാധയെ തുടർന്ന് രാഹുലിന്റെ അവയവങ്ങൾ തകരാറിലായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇന്ന് ഉച്ചതിരിഞ്ഞ് 2.55 നാണ് രാഹുലിന്റെ മരണം സ്ഥിരീകരിച്ചത്. ഷവർമ്മ കഴിച്ചതിന് പിന്നാലെയാണ് രാഹുലിന് ആരോഗ്യ പ്രശ്‌നങ്ങൾ ആരംഭിച്ചത്. നില വഷളായതോടെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചു. ശനിയാഴ്ച മുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി.
സെപ്റ്റിക് ഷോക്കാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നുവരികയാണ്.
Discussion about this post