ജയ്പൂർ : രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തിയ സംഭവം വൻ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. 30 കാരനായ നിർപത് ഗുജ്ജാറിനെ സഹോദരൻ ദാമോദർ ട്രാക്ടർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഇതിൽ നിന്ന് യുവാവിനെ പിന്തിരിപ്പിക്കുന്നതിന് പകരം നാട്ടുകാരെല്ലാം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി.
സംഭവത്തെ ശക്തമായി അപലപിച്ച ബിജെപി എംപി രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ഭീകര സംഘടനയായ ഐഎസിനെയാണ് ഈ വീഡിയോ കണ്ടപ്പോൾ തനിക്ക് ഓർമ്മ വന്നത് എന്ന് പറഞ്ഞു. ‘ഇവിടെ കൊലപാതകങ്ങൾ നടക്കുന്നത് കാണുമ്പോൾ ഐഎസ് ഭീകര സംഘടനയെക്കുറിച്ചാണ് ഓർമ്മ വരുന്നത്. ഇത് യുദ്ധഭൂമിയായി മാറിയിരിക്കുകയാണ്. രാജസ്ഥാനിൽ ഇത്തരം ആളുകൾ സംരക്ഷിക്കപ്പെടുകയാണ്” അദ്ദേഹം ആരോപിച്ചു.
”രാജസ്ഥാനിൽ നിന്ന് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ഇത്തരം സംഭവങ്ങൾ ഒന്നുകിൽ ഐഎസ് ഭീകര സംഘടനയ്ക്ക് കീഴിലോ അല്ലെങ്കിൽ രാജസ്ഥാനിലോ ആണ് നടക്കുന്നത്. ഇത്തരക്കാർക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു, ഡിസംബർ 3 ന് മുമ്പ് രാജസ്ഥാൻ വിടുക,’ റാത്തോഡ് കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ നവംബർ 25 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഡിസംബർ 3 ന് ഫല പ്രഖ്യാപനവും നടക്കും. സംസ്ഥാനത്ത് അധികാരം നിലനിർത്താൻ കോൺഗ്രസ് പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. എന്നാൽ കോൺഗ്രസിനെ അനായാസം അധികാരത്തിൽ നിന്ന് താഴെയിറക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി.
Discussion about this post