കൊച്ചി: വിനായകൻ വിഷയത്തിൽ ജാതിവാദം പറഞ്ഞ് മുതലകണ്ണീരൊഴുക്കുന്നവർക്ക് മറുപടിയുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഫേസ്ബുക്കിലൂടെയാണ് ശ്യാംരാജിന്റെ കുറിപ്പ്.
കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ എസ്‌സി -എസ്ടി വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പൻഡ് നൽകിയിട്ടില്ല. പിഎച്ച്ഡി ചെയ്യുന്ന ആദിവാസി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നില്ല. വിനായകന് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ട്. വിനായകന് വേണ്ടിയുളള മുതലക്കണ്ണീർ കഴിഞ്ഞെങ്കിൽ പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ എന്നായിരുന്നു ശ്യാം രാജിന്റെ പ്രതികരണം.
പിണറായി വിജയൻ പോലീസ് മന്ത്രി ആയിരിക്കുമ്പോൾ പ്രിവിലേജ്ഡ് ആയ ഒരു ദളിതന് പോലും സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്നും വിവേചനം നേരിട്ടെങ്കിൽ പിന്നെ നിങ്ങളെ കൊണ്ട് എന്തിനു കൊളളാമെന്നും ശ്യാംരാജ് പരിഹസിച്ചു.
കുടുംബപ്രശ്‌നത്തിന്റെ പേരിൽ പോലീസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും ചെയ്ത വിനായകനെ ഇന്നലെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ചർച്ചയായിരുന്നു. പോലീസ് സ്‌റ്റേഷനിൽ നിയമം കൈയ്യിലെടുത്ത് പെരുമാറിയെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിട്ടും വിനായകൻ ജാതി വിവേചനം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ഇടതുപ്രൊഫൈലുകളാണ് ഈ ചർച്ചകൾക്ക് മുൻപിൽ നിൽക്കുന്നത്. വിനായകന്റെ തെറ്റ് മറച്ചുവെച്ച് ഇരവാദമുയർത്തുകയാണ് ഇവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് പി ശ്യാംരാജിന്റെ പ്രതികരണം.
Discussion about this post