ജയ്പൂർ: വിദേശ വിനിമയ ചട്ടലംഘന കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇഡിയുടെ ഡൽഹിയിലെയോ ജയ്പൂരിലെയോ ഓഫീസിൽ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് വൈഭവിനെ അറിയിച്ചിരിക്കുന്നത്.
രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൈറ്റൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, വാർദ്ധ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് വൈഭവിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
ജയ്പൂർ, ഉദയ്പൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് നടപടി. പരിശോധനകളിൽ 1.2 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കള്ളപ്പണം വെളുപ്പിക്കാൻ ചില വ്യവസായ സ്ഥാപനങ്ങൾ കൂട്ടുനിൽക്കുന്നതായി കാട്ടി ബിജെപി എം പി കിരോദി ലാൽ മീണ നേരത്തേ ഇഡിക്ക് പരാതി നൽകിയിരുന്നു. ഈ പരാതികൾ പരിശോധിച്ച ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കേസെടുക്കുകയായിരുന്നു.
അതേസമയം, റീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്രയുടെ വസതിയിൽ ഇഡി പരിശോധന തുടരുകയാണ്. കേസിൽ ചില എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ, സ്വകാര്യ വ്യക്തികളുടെ വീടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഇഡി കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു. 2021ലെ രാജസ്ഥാൻ അദ്ധ്യാപക യോഗ്യത പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇതിന്റെ ഭാഗമായി വൻ കള്ളപ്പണ ഇടപാടും കോഴ കൈമാറ്റങ്ങളും നടന്നതായി ഇഡി കണ്ടെത്തിയിരുന്നു.
Discussion about this post