ന്യൂഡൽഹി :’ഭാരതം’ എന്ന പേര് കുട്ടികളിൽ ആത്മാഭിമാനം വളർത്തുമെന്ന് പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി എൻസിഇആർടി നിയോഗിച്ച പ്രമുഖ ചരിത്രകാരനും ഐസിഎച്ച്ആർ അംഗവുമായ ഡോ. സി.ഐ. ഐസക്. പാഠപുസ്തകങ്ങളിൽ പൗരാണിക ഭാരതം എന്നതിന് പകരം ‘ശ്രേഷ്ഠ ഭാരതം’ എന്ന് വിശേഷിപ്പിക്കണം.
രാജ്യത്തെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാൻ ശിപാർശ ചെയ്തതുമായി ബന്ധപ്പെട്ട വിവാദം തുടരവേയാണ് സിഐ ഐസക്കിന്റെ പ്രതികരണം. ഐസക്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയുടേതാണ് ശുപാർശ.
‘പതിറ്റാണ്ടുകൾ നീണ്ട അധ്യാപന ജീവിതത്തിൽ ഇന്ത്യ എന്നും ഭാരതം എന്നും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം വിദ്യാർഥികൾക്ക് നന്നായി അറിയാം. ഭാരതം എന്ന പേര് കുട്ടികളിൽ ആത്മാഭിമാനം വളർത്തും. ഏഴായിരം വർഷത്തിലധികം പഴക്കമുള്ള പൗരാണിക ഗ്രന്ഥമായ വിഷ്ണുപുരാണത്തിലും ‘ഭാരതം’ എന്ന പരാമർശം ഉണ്ട്. 1757 ലെ പ്ലാസി യുദ്ധത്തിനും ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരണത്തിനും ശേഷമാണ് ഇന്ത്യയെന്ന് പൊതുവായി ഉപയോഗിച്ച് തുടങ്ങിയതെന്നും’ സി.ഐ ഐസക് പറഞ്ഞു.
ചരിത്രത്തെ മൂന്നായി വിഭജിച്ചത് ബ്രിട്ടീഷുകാരാണ്. പുരാതനകാലത്തെ അറിവില്ലാത്തവർ എന്ന പ്രതീതി സൃഷ്ടിക്കാൻ വേണ്ടിയാണവർ അങ്ങനെ ചെയ്തത്. ഭാരതത്തിലെ രാജാക്കന്മാരുടെ പരാജയങ്ങൾ മാത്രമേ പുസ്തകങ്ങളിൽ ഉള്ളൂ. ഭാരതത്തിലെ രാജാക്കന്മാർ സുൽത്താന്മാർക്കെതിരെ യുദ്ധം നടത്തി വിജയിച്ച കഥകളൊന്നും പാഠപുസ്തകങ്ങളിൽ ഇല്ല. പാഠപുസ്തകങ്ങളിലെ പോരായ്മകളെല്ലാം പരിഹരിക്കാനാണ് സമിതി ശുപാർശ ചെയ്തതെന്നും സി.ഐ ഐസക് വ്യക്തമാക്കി.
Discussion about this post