ന്യൂഡൽഹി; ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്കാണ് ഖത്തറിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വധശിക്ഷ വിധിച്ചത്. ചാര പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് എട്ടു പേരെയും തടവിലാക്കിയത്.
സംഭവം ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ വിധ നിയമപരമായ സഹായങ്ങളും നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
നാവികസേനാ ഉദ്യോഗസ്ഥരായിരുന്ന തിരുവനന്തപുരം സ്വദേശിയടക്കമുള്ള എട്ട് പേരാണ് ഖത്തറിൽ കഴിഞ്ഞ വർഷം മുതൽ തടവിലാക്കപ്പെട്ടിരുന്നത്. 2022 ലായിരുന്നു ഇവർ പിടിയിലാകുന്നത്. യുദ്ധക്കപ്പൽ അടക്കം കമാൻഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവർ. പിടിയിലായത് മുതൽ ഏകാന്ത തടവിലായിരുന്നു ഇവരെന്നാണ് പുറത്ത് വരുന്ന വിവരം.
ഒക്ടോബർ മൂന്നിന് ഇവരുടെ വിചാരണ പൂർത്തിയായി. ഏഴാം തവണ വിചാരണ നടത്തിയതിന് ശേഷമാണ് വിധി പറയാൻ മാറ്റിവെച്ചത്. തുടർന്ന് ഇന്ന് കേസിൽ വിധി പറയുകയായിരുന്നു.
Discussion about this post