കോഴിക്കോട്: ഹമാസിന്റേത് ഭീകര പ്രവർത്തനമെന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിന്റെ പ്രസ്താവന തിരുത്തി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ . പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണം. ഹമാസിന്റേത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്ന് എം കെ മുനീർ പറഞ്ഞു. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയിലായിരുന്നു മുനീറിന്റെ പ്രതികരണം.
ഭഗത് സിങ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നത് ഭീകരവാദമായാണ് ബ്രിട്ടീഷുകാർ കണ്ടത്. പലസ്തീനായി പോരാടുന്നവരെ ഭീകരവാദികൾ എന്ന് വിളിക്കുന്നത് സാമ്രാജ്യത്വവാദികളാണ്. ചെറിയ കല്ലുകൾ എറിഞ്ഞവർ കൂടുതൽ പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് അടിച്ചമർത്തൽകൊണ്ടാണ്. നമ്മൾ പ്രതിരോധത്തിനൊപ്പമാണെന്നും മുനീർ പറഞ്ഞു. പലസ്തീനിന്റേത് സ്വാതന്ത്ര്യസമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണെന്ന് മുനീർ കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗിന്റെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശശി തരൂർ ഹമാസിനെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 തിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നായിരുന്നു പരാമർശം.
Discussion about this post