ബംഗളൂരു; കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്ത പേപ്പർ ബാഗിന് ഉപഭോക്താവായ യുവതിയിൽ നിന്ന് പണം ഈടാക്കിയ കമ്പനിയ്ക്ക് പിഴ ചുമത്തി ബംഗളൂരു കോടതി. സ്വീഡിഷ് ഫർണീച്ചർ റീട്ടെയ്‌ലർ സ്ഥാപനമായ ഐകിയയക്ക് ആണ് കോടതി പിഴ ഇട്ടത്. യുവതിക്ക് നഷ്ടപരിഹാരമായി 3,00 രൂപ നൽകണമെന്നാണ് കോടതി ഉത്തരവ്. ശാന്തിനഗർ, അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്.
2022 ഒക്ടോബർ 6 -ന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചിൽ നിന്ന് സംഗീത ബൊഹ്റ എന്ന യുവതി സാധനങ്ങൾ വാങ്ങി. എന്നാൽ സാധനങ്ങൾ കൊണ്ടുപോകാൻ പേപ്പർ ബാഗ് നൽകിയതിന് ഇവരിൽ നിന്ന് 20 രൂപ കമ്പനി ഈടാക്കി. ഇത് ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരം കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇതോടെ ഉപഭോക്തൃ കോടതിയിൽ യുവതി കേസ് ഫയൽ ചെയ്യുകയായിരുന്നു.
കമ്പനിയുടെ ലോഗോ അച്ചടിച്ച ബാഗിന് തന്നിൽ നിന്ന് പണം ഈടാക്കിയ കമ്പനി നടപടിയെ സംഗീത ചോദ്യം ചെയ്തു. പേപ്പർ ബാഗുകൾക്ക് പണം ഈടാക്കുന്നത് കമ്പനിയുടെ സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതിയാണെന്നും ഇവർ ആരോപിച്ചു. സാധങ്ങൾ വാങ്ങുന്നതിന് മുമ്പ് ഈ ചാർജിനെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. വിഷയം അന്യായമായ വ്യാപാരത്തിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു . വൻകിട മാളുകളുടെയും ഷോറൂമുകളുടെയും ഇത്തരം സേവനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
30 ദിവസത്തിനകം ഈ ഉത്തരവ് പാലിക്കാനും ഉപഭോക്താവിന് പലിശ സഹിതം 20 രൂപയും നഷ്ടപരിഹാരമായി 1000 രൂപയും വ്യവഹാര ചെലവുകൾക്കായി 2000 രൂപയും നൽകണമെന്ന് സ്വീഡിഷ് കമ്പനിയോട് ബംഗളൂരു കോടതി ആവശ്യപ്പെട്ടു.









Discussion about this post