കോഴിക്കോട്: മുൻ എംപിയും നടനുമായ സുരേഷ് ഗോപിയ്‌ക്കെതിരെ നടക്കുന്ന അപവാദ പ്രചാരണം ഗൂഢാലോചനചയുടെ ഭാഗമാണെന്ന് ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ. ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കാവുന്ന പ്രശ്‌നം മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നാടമാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച നാല് മണിവരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാൽ ഇതിന് ശേഷം പ്രശ്‌നങ്ങൾ രാഷ്ട്രീയ വത്കരിക്കുകയാണ് ചെയ്തത്. മാദ്ധ്യമ പ്രവർത്തകയെ മുൻനിർത്തി അവരറിയാതെ ഇടതുപക്ഷം രാഷ്ട്രീയ നാടനം കളിക്കുകയാണ്. കരുവന്നൂരിൽ ഇടപെട്ടതിന് സുരേഷ് ഗോപിയോട് പ്രതികാരം ചെയ്യുകയാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
12ലധികം തവണയാണ് വീഡിയോ കണ്ടത്. രണ്ട് ചോദ്യം ചോദിക്കുമ്പോഴും മാദ്ധ്യമപ്രവർത്തകയുടെ മുഖത്ത് കണ്ടത് സ്‌നേഹമാണ്. തന്റെ സുഹൃത്ത് കൂടിയാണ് മാദ്ധ്യമ പ്രവർത്തക. അടച്ചിട്ട മുറിയിൽ ഇടതുപക്ഷം നടത്തുന്ന പല വിഷയങ്ങളും പുറത്തേക്ക് പോകുന്നുണ്ട്. മാപ്പ് പറഞ്ഞ ശേഷവും സുരേഷ് ഗോപിയെ വേട്ടയാടാനാണ് തീരുമാനം എങ്കിൽ ഒന്ന് ഓർക്കുക. കേരളത്തിലെ മുഴുവൻ അമ്മമാരുടെയും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശക്തമായ പിന്തുണ സുരേഷ് ഗോപിയ്ക്ക് ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.












