എറണാകുളം: കളമശ്ശേരിയിൽ പ്രാർത്ഥനയ്ക്കിടെ ഹാളിൽ സ്‌ഫോടനം ഉണ്ടായ സംഭവത്തിൽ അന്വേഷണം എൻഐഎയ്ക്ക്. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം എൻഐഎയ്ക്ക് വിടാൻ തീരുമാനിച്ചത്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിൽ നിന്നുള്ള അഞ്ചംഗ സംഘം കൊച്ചിയിൽ എത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇവർക്കൊപ്പം കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കുചേരും. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്നും ഐഇഡിയുടെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സംഭവം ഭീകരാക്രമണമാണെന്ന സംശയം ഉണർത്തുന്നത്.
സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. ഇതുൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കും. അതേസമയം അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ 9.45 ഓട് കൂടിയായിരുന്നു കളമശ്ശേരി സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം ഉണ്ടാത്. യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെയായിരുന്നു സംഭവം. ഒരു സ്ത്രീയ്ക്ക് ജീവൻ നഷ്ടമായി 36 പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
Discussion about this post