മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായ വിശ്വാസങ്ങൾ പിന്തുടരുന്ന ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവാ സാക്ഷികൾ (Jehovah’s Witnesses) ചാൾസ് റ്റെയ്‌സ് റസ്സൽ എന്ന അമേരിക്കൻ ബൈബിൾ ഗവേഷകൻ 1876 സ്ഥാപിച്ച ‘ബൈബിൾ വിദ്യാർത്ഥികൾ’ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പിൽക്കാലത്ത് യഹോവാ സാക്ഷികളായി രൂപം പ്രാപിച്ചത്.
മനുഷ്യവർഗത്തിന് നിത്യജീവൻ പ്രാപിക്കാൻ യേശുവിനെ ഭൂമിയിലേക്ക് അയച്ച യഹോവ എന്ന ദൈവത്തിൽ ആണ് ഇവർ വിശ്വസിക്കുന്നത്. ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്‌നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടും എന്നുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം. ഇവർ ക്രിസ്മസ് , ഈസ്റ്റർ , ജന്മദിനം എന്നിവ ആഘോഷിക്കാറില്ല.
യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന് അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സർവ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും വിശ്വസിക്കുന്നു. ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടെന്ന് തന്നെ ദൈവം ആയ യഹോവ ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക് രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. പറുദീസ ആയി മാറ്റപ്പെടുന്ന ഈ ഭൂമിയിൽ മരിച്ചുപോയ നല്ലവരായ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകുമെന്നും ഇവർ പ്രത്യാശിക്കുന്നു
കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല കൂടാതെ, ഇവർക്ക് വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവർത്തകരും സ്വമേധയാ സേവകർ ആണ്. പുകവലി, അടക്ക ചവക്കൽ, മയക്കുമരുന്നിന്റെ ദുരുപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങൾ ഇവർക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാൽ മദ്യം മിതമായ അളവിൽ ഉപയോഗിക്കുന്നതിൽ തടസം ഇല്ല.യഹോവയുടെ സാക്ഷികൾ വൈദ്യ ചികിത്സാ തേടുന്നവർ ആണെങ്കിലും മറ്റുള്ളവരിൽ നിന്നും രക്തമോ രക്തത്തിന്റെ പ്രധാന ഘടകംശങ്ങളോ സ്വീകരിക്കില്ല. എന്നാൽ രക്തരഹിത വൈദ്യചികിത്സയും ശസ്ത്രക്രീയയും സ്വീകരിക്കും.
യഹോവയുടെ സാക്ഷികൾ ആരാധനക്കായി കൂടുന്ന സ്ഥലം രാജ്യഹാൾ എന്നാണ് വിളിക്കുന്നത്, ലോകവ്യാപകമായി യഹോവയ സാക്ഷികൾക്ക് ഒരുലക്ഷത്തിൽ പരം രാജ്യഹാളുകൾ ഉണ്ട്. ആരാധനയുടെ ഭുരിഭാഗവും ബൈബിളും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിന് ഉള്ളതാണ്.
1905 ലാണ് ഈ മത വിഭാഗത്തിൽപെടുന്നവർ കേരളത്തിൽ സുവിശേഷ പ്രചാരത്തിന് എത്തിയത്. 1911 ൽ ആദ്യകാല പ്രചാരകൻ റ്റി . സി റസൽ തിരുവന്തപുരം ജില്ലയിൽ പ്രസംഗിച്ച സ്ഥലം റസൽപുരം എന്നറിയപ്പെടുന്നു. സംസ്ഥാനത്ത് പതിനയ്യായിരത്തിലേറെ യഹോവാ സാക്ഷികളുണ്ടെന്നാണ് കണക്ക്.
Discussion about this post