തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുകൾ ഇന്ന് പണിമുടക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്തമാസം മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസുടമകൾ അറിയിച്ചു. ബസുടമകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ബസുകളിൽ ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിക്കാൻ ബസുടമകൾക്ക് നാളെവരെയാണ് സമയം നൽകിയിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിൽ സർക്കാർ മാറ്റം വരുത്തണമെന്നും ആവശ്യമുണ്ട്.
നിരക്ക് വർദ്ധനയും, സീറ്റ്‌ബെൽറ്റും ക്യാമറയും നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിൽ മാറ്റം വേണമെന്നും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിയ്ക്ക് ബസുടമകൾ കത്ത് നൽകിയിരുന്നു. എന്നാൽ സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്നും ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു ഗതാഗത മന്ത്രി ആൻറണി രാജു പ്രതികരിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബസുടമകളുടെ സംയുക്ത സമതി സമരത്തിന് ആഹ്വാനം ചെയ്തത്.
Discussion about this post