എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശബന്ധങ്ങളിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. ദുബായിൽ ജോലി ചെയ്യുകയായിരുന്ന മാർട്ടിൻ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവിടെയുണ്ടായിരുന്ന മാർട്ടിന്റെ ഇടപെടലുകളാണ് പരിശോധിക്കുന്നത്.
18 വർഷമാണ് മാർട്ടിൻ ദുബായിൽ ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്ത് എൻഐഎ സംഘം വിശദമായ അന്വേഷണം നടത്തും. സുഹൃത്തുക്കളിൽ നിന്നും ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അധികൃതരിൽ നിന്നും വിവരങ്ങൾ തേടും. ഡൊമിനികിന്റെ സോഷ്യൽമീഡിയ ഇടപെടലുകളും ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്.
വിദേശത്ത് വച്ചുതന്നെ ബോംബ് നിർമ്മാണത്തെക്കുറിച്ച് ഡൊമിനിക് മാർട്ടിൻ പഠിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ നിരവധി തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുമുണ്ട്. ഇന്റർനെറ്റിൽ നിന്നല്ലാതെ ബോംബ് നിർമ്മാണത്തെക്കുറിച്ച് ഇയാൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഇതും പരിശോധിക്കുന്നുണ്ട്.
ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും സംശയം ഉളവാക്കുന്ന പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതും പരിശോധിച്ചുവരികയാണ്.
Discussion about this post