ന്യൂഡല്‍ഹി : പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ഹിയറിംഗില്‍ പങ്കെടുത്ത തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് എത്തിക്‌സ് കമ്മിറ്റി. ക്രോസ് വിസ്താരത്തില്‍ മൊയ്ത്ര സഹകരിച്ചില്ലെന്നും വിഷയത്തില്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് ഇറങ്ങിപ്പോയതെന്നും പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് സോങ്കര്‍ പറഞ്ഞു. അതേസമയം, തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ പെരുമാറ്റം നാടകീയമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന പരാതിയിന്‍മേലാണ് തൃണമൂല്‍ എംപി എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരായത്.
ക്രോസ് വിസ്താരത്തില്‍ മഹുവ മൊയ്ത്ര സഹകരിച്ചില്ലെന്നും വിഷയത്തില്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് ഇറങ്ങിപ്പോയതെന്നും പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് സോങ്കര്‍ പറഞ്ഞു. ഉത്തരം നല്‍കുന്നതിനുപകരം, മഹുവ മൊയ്ത്ര രോഷാകുലയാവുകയും ചെയര്‍പേഴ്സണോടും കമ്മിറ്റി അംഗങ്ങളോടും അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിക്കുകയും ചെയ്തു. ഡാനിഷ് അലിയും ഗിര്‍ധാരി യാദവും മറ്റ് പ്രതിപക്ഷ എംപിമാരും കമ്മിറ്റിയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച് ഇറങ്ങിപ്പോയി. ഇവര്‍ക്കെതിരായ തുടര്‍ നടപടി കമ്മിറ്റി പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഹിരാനന്ദാനിയുടെ സത്യവാങ്മൂലത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, മഹുവ മൊയ്ത്ര രോഷാകുലയായി. അവര്‍ വളരെ പരുഷമായും പ്രകോപിതയായിട്ടുമാണ് പ്രതികരിച്ചത്. അവിടെ അണ്‍പാര്‍ലമെന്ററിയായുള്ള വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്. കൂടാതെ പ്രതിപക്ഷ എംപിമാര്‍ മേശയില്‍ അടിച്ച് ബഹളമുണ്ടാക്കുകയും ചെയ്തതിന് ശേഷമാണ് ഇറങ്ങിപ്പോയത്. പ്രതിപക്ഷ എംപിമാരും മഹുവ മൊയ്ത്രയും പുറത്തിറങ്ങി പറഞ്ഞത് പൂര്‍ണ്ണമായും തെറ്റാണ്. ഭരണഘടനാ പ്രക്രിയയുടെ ലംഘനമാണ് അവര്‍ നടത്തിയത്. ചോദ്യങ്ങളെ പ്രതിരോധിക്കാനുള്ള വിഫലമായ ശ്രമങ്ങളായിട്ടാണ് അതിനെ കാണുന്നത്”, പാനലിലെ അംഗങ്ങളിലൊരാളായ ബിജെപി എംപി അപരാജിത സാരംഗി പറഞ്ഞു.
അതേസമയം, പാനല്‍ തനിക്ക് നേരെ വൃത്തികെട്ടതും മാന്യമല്ലാത്തതുമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന തൃണമൂല്‍ എംപിയുടെ ആരോപണങ്ങളെ നിഷികാന്ത് ദുബെ തള്ളിക്കളഞ്ഞു. “ഞാനും ജയ് അനന്ത് ദേഹാദ്രായിയും അവിടെ സാക്ഷികളായി പോയി, മഹുവ മൊയ്ത്ര പ്രതിയായി പോയി. എന്നിരുന്നാലും, അവള്‍ പുറത്ത് വന്ന് മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുകയും എത്തിക്‌സ് ക്മ്മിറ്റി ഹിയറിംഗില്‍ എന്താണ് സംഭവിച്ചതെന്ന് പറയുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് തെറ്റായ വിവരണമാണ് അവര്‍ നല്‍കിയത്. പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമാണ് ഇന്നുണ്ടായത്”, ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.
വ്യാഴാഴ്ച പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി യോഗത്തില്‍ നിന്ന് മഹുവ മൊയ്ത്രയും ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംപി ഡാനിഷ് അലിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ ഇറങ്ങിപ്പോയ സാഹചര്യത്തിലാണ് നിഷികാന്ത് ദുബെയുടെ പ്രസ്താവന. മഹുവ മൊയ്ത്ര പാര്‍ലമെന്റിന്റെ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് സ്ഥാപിക്കാന്‍ മതിയായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് നിഷികാന്ത് ദുബെ ആവര്‍ത്തിച്ചു.
Discussion about this post