മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 302 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 358 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 19.4 ഓവറിൽ 55 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് ഓവർ എറിഞ്ഞ് 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മൊഹമ്മദ് ഷമിയുടെ മിന്നും പ്രകടനമാണ് ലങ്കയുടെ പ്രതീക്ഷകൾ അസ്തമിപ്പിച്ചത്. മുഹമ്മദ് സിറാജ് ഏഴ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
ശുഭ്മാൻ ഗില്ലിന്റെയും (92 പന്തിൽ 92) വിരാട് കൊഹ്ലിയുടെയും (94 പന്തിൽ 88) ശ്രേയസ് അയ്യരുടെയും (56 പന്തിൽ 82) തകർപ്പൻ ബാറ്റിംഗ് ആണ് ഇന്ത്യൻ സ്‌കോർ 357 ലെത്തിച്ചത്. ആറ് സിക്‌സറുകളും മൂന്ന് ഫോറുകളും അടക്കമായിരുന്നു ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗ്. ലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുഷങ്ക അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ മുൻനിര വിക്കറ്റുകൾ ഒന്നൊന്നായി നിലംപതിച്ചതോടെ ലങ്ക ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. ഓപ്പണർമാരായ പത്തൂം നിസാങ്കയെയും ദിമുത് കരുണാരത്‌നയെയും റൺസൊന്നുമെടുക്കാതെ തുടക്കത്തിൽ തന്നെ മടക്കി രണ്ട് പേരെയും എൽബിയിൽ കുരുക്കിയാണ് മടക്കിയത്.
തൊട്ടുപിന്നാലെ തന്നെ കൗസൽ മെൻഡിസും പുറത്തായി. പത്ത് പന്തുകൾ നേരിട്ടെങ്കിലും ഒരു റൺസ് മാത്രമാണ് കൗസൽ മെൻഡിസിന് കണ്ടെത്താനായത്. നാലാമനായി ഇറങ്ങിയ സദീര സമാരവിക്രമയും ഇതിനോടകം റൺസൊന്നും എടുക്കാതെ മടങ്ങിയിരുന്നു. വാലറ്റക്കാരനായി ഇറങ്ങി 14 റൺസെടുത്ത കസൂൻ രാജിതയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ.
Discussion about this post